മോദിയുടെയും ഷി ചിന്‍പിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി ചെന്നൈ നഗരം ഒരുങ്ങി

മോദിയുടെയും ഷി ചിന്‍പിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി ചെന്നൈ നഗരത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം. നാലു വ്യത്യസ്ത യോഗങ്ങളിലായി ചുരുങ്ങിയത് അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയില്‍ എത്തുന്ന ഷി, 24 മണിക്കൂറോളം അവിടെ ചെലവഴിച്ചു പിറ്റേന്നാണു തിരിച്ചു പോവുക.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം ലഘൂകരിക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണു കൂടിക്കാഴ്ച. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി മാമല്ലപുരത്തെ മൂന്നു പൈതൃക സ്മാരകങ്ങള്‍ ഇരുനേതാക്കളും സന്ദര്‍ശിക്കുന്നതോടെ ഉച്ചകോടിക്കു തുടക്കമാവും. ഏഴു മണിക്കൂര്‍ നേരം ഒരുമിച്ചുണ്ടാകുന്ന ചൈനീസ് പ്രസിഡന്റിനായി മോദി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്യാനത്തില്‍ ശനിയാഴ്ച രാവിലെ 10-ന് 40 മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. രാവിലത്തെ കൂടിക്കാഴ്ച അവസാനിച്ചാല്‍ ഉദ്യോഗസ്ഥ സംഘം ഉള്‍പ്പെടുന്ന ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. അതേ റിസോര്‍ട്ടില്‍ ഉച്ചവിരുന്നിലും രണ്ടു രാഷ്ട്ര നേതാക്കളും പങ്കെടുക്കും. രണ്ടു രാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ചും കശ്മീര്‍, ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയുണ്ടാകുമെന്നാണു നിഗമനം.
https://www.facebook.com/Malayalivartha























