താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍

ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുമായ ഗുരുനാഥ് മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍. ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ഉടമകൂടിയാണ് ശ്രീനിവാസന്‍. മരുമകനു വാതുവയ്‌പുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് അറിയില്ല. മരുമകനെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നു ശ്രീനിവാസന്‍ പറഞ്ഞു.
അതിനിടെ ഗുരുനാഥ് മെയ്യപ്പനു വാതുവയ്‌പുകാരുമായി ബന്ധമുണ്ടെന്ന് ശ്രീനിവാസന്റെ മകന്റെ വെളിപെടുത്തല്‍. ചെന്നൈയിലേയും ദുബായിലെയും വാതുവയ്‌പുകാരുമായിട്ടാണ് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് ശ്രീനിവാസന്റെ മകന്‍ അശ്വിന്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തി പറഞ്ഞത്. ചെറിയ തോതില്‍ സൈഡ് ബിസിനസായി ആരംഭിച്ച വാതുവയ്‌പ് ഇടപാട് കാലക്രമേണ വന്‍ വാതുവയ്‌പായി മാറുകയായിരുന്നു. മെയ്യപ്പന് അധോലോക ബന്ധങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും മെയ്യപ്പന്റെ ഭാര്യാ സഹോദരന്‍ കൂടിയായ അശ്വിന്‍ പറഞ്ഞു.
എന്റെ മയക്കുമരുന്ന് ഉപയോഗവും മറ്റും ഉയര്‍ത്തിക്കാട്ടിയ മെയ്യപ്പന്‍ അതുമൂലമാണ് എന്റെ പിതാവിന്റെ ബിസിനസുകളില്‍ ശ്രദ്ധിക്കുന്നതെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. തന്നെയും പിതാവിനെയും തെറ്റിച്ചതിനു പിന്നിലും മെയ്യപ്പനാണെന്ന് അശ്വിന്‍ പറഞ്ഞു. സഹോദരി രൂപയുമായുള്ള ഗുരുനാഥ് മെയ്യപ്പന്റെ വിവാഹത്തിന് താനും പിതാവ് എന്‍.ശ്രീനിവാസനും എതിരായിരുന്നെന്നും അശ്വിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
ഇതിനിടെ, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുരുനാഥ് മെയ്യപ്പന്‍ നല്‍കിയ അപേക്ഷ മുംബൈ പോലീസ് തള്ളി. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ച് മണിക്കു മുന്‍പു ഹാജരായില്ലെങ്കില്‍ അറസ്‌റ്റ് ഉണ്‌ടാകുമെന്നു വ്യക്‌തമാക്കി മെയ്യപ്പനു പോലീസ് സമന്‍സ് അയച്ചു.
https://www.facebook.com/Malayalivartha























