കാശ്മീർ, പൗരത്വ ബിൽ : രണ്ടാം ഭരണത്തിൽ ഞെട്ടിക്കുന്നത് അമിത് ഷാ തന്നെ - ലക്‌ഷ്യം അടുത്ത പ്രധാനമന്ത്രി കസേര

‘മോദിയുടെ ഇന്ത്യയിൽ ഭരണഘടനയാണു മതം.’ ലോക്സഭയിൽ മുഴങ്ങി കേട്ട അമിത് ഷായുടെ വാക്കുകൾ.പൗരത്വ ബില്ലിന്റെ ചർച്ചാവേളയിൽ കൊണ്ടും കൊടുത്തും ലോക്സഭയിൽ മുന്നേറിയ അമിത് ഷാ തൻറെ നിലപാടു രാജ്യസഭയിൽ വ്യക്തമാക്കിയതും തെല്ലിട പതറാതെ.
‘മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് പലതും തിരുത്താൻ കൂടിയാണ്.’എന്ന് ഷാ പറയുമ്പോൾ അത് ഒരുസൂചനയാണ്.ഇനിയും നിരവധി വിപ്ലവകരമായ തീരുമാനങ്ങൾക്ക് ഇന്ത്യ സാക്ഷ്യംവഹിക്കും എന്നതി ന്റെ വ്യക്തമായ സൂചന.
കശ്മീരിനു പ്രത്യേക പദവി നൽകുന്ന. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയപ്പോഴും പൗരത്വ ഭേദഗതി ബില്‍ ഇരുസഭയിലും വോട്ടിനിട്ടപ്പോഴും സർക്കാരിന്റെ മുഖം ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു.രണ്ടാം ബിജെപി സർക്കാരിന്റെ മുഖമായി അമിത്ഷാ മാറുമ്പോൾ അതൊരു സൂചനയാണ്.
നിലപാടുകൾ.. തീരുമാനങ്ങൾ ശക്തമായി പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിത്വം. മോദിയുടെ കരുത്തായി..തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള പിൻബലമായി അമിത്ഷാ നിലയുറപ്പിക്കുമ്പോൾ അത് പ്രധാനമന്ത്രി പദത്തിലേക്കുള്ള കാൽ വെ പ്പാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഞങ്ങൾക്കു ജനം ഭരിക്കാൻ അധികാരം തന്നിരിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. അപ്പോൾ ഞാൻ പറയുന്നതു നിങ്ങൾ കേട്ടേ മതിയാകൂ...എന്ന് ലോക്സഭയിൽ അമിത്ഷാ തന്റെ നിലപാട് വ്യക്തമാക്കുകയാണ്.
ഒന്നാം ബി ജെപി സർക്കാരിൽ നരേന്ദ്ര ദാമോദർദാസ് മോദിയെന്ന ബിജെപിയുടെ ദേശീയ മുഖത്തിൽ അധികാരം നിക്ഷിപ്തമായിരുന്നെങ്കിൽ രണ്ടാം ഊഴത്തിൽ അതു മാറുന്ന കാഴ്ചയാണുള്ളത്.
മോദി സര്‍ക്കാരിലെ സുപ്രധാന അധികാര കേന്ദ്രമായി ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ് മാറിഎന്നതും ശ്രദ്ധേയം. നേതാക്കളെ ഏകോപിപ്പിക്കുന്നതും മന്ത്രിമാരെ നിയന്ത്രിക്കുന്നതുമെല്ലാം ഇപ്പോൾ ആഭ്യന്തരമന്ത്രി തന്നെയാണ് എന്നത് പരസ്യമായ രഹസ്യം.
അതീവപ്രാധാന്യമുളള തീരുമാനങ്ങളിൽ ഒഴികെ ഒന്നിലും മോദി ഇടപെടുന്നില്ല. ഏകാധിപതിയാണ് താനെന്ന പ്രചാരണങ്ങളെ ദുർബലപ്പെടുത്തുകയെന്നതും ഈ നീക്കത്തിനു പിന്നിലുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ലോകസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെന്ന നേതാവിനെ ഉയർത്തിക്കാട്ടി വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപി അധികാരനിരയിലെ രണ്ടാമനായി അമിത് ഷായെ വാഴിച്ചതിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
75 വയസായവർ മന്ത്രിസ്ഥാനത്തേക്കു വരേണ്ടതില്ലെന്ന ന്യായമാണ് തിരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന നേതാക്കളിൽ പലരെയും ഒഴിവാക്കാനായി മുന്നോട്ടുവച്ച വാദം. അങ്ങനെ നോക്കുകയാണെങ്കിൽ രാഷ്ട്രീയ വിരമിക്കലിലേക്കു മോദി നടന്നടക്കുമ്പോൾ ശക്തനായ ഒരു ഭരണാധികാരിയായി ഷാ വാഴുക തന്നെ ചെയ്യുമെന്ന് എതിരാളികളും കണക്കുകൂട്ടുന്നു.
ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയുടെ പ്രകടന പത്രികയെന്നു പ്രതിപക്ഷം ആർത്തുവിളിച്ചപ്പോഴും വ്യക്തവും ശക്തവുമായ മറുപടിയാണ് അമിത്ഷായിൽ നിന്ന് പ്രതിപക്ഷം കേട്ടറിഞ്ഞത്. മോദി– അമിത് ഷാ സർക്കാർ എന്ന തലത്തിലേക്കു നിലമാറ്റാൻ ആറുമാസത്തിനുള്ളിൽ തന്നെ അമിത് ഷായ്ക്കു കഴിഞ്ഞെങ്കിൽ അമിത് ഷാ എന്ന രാഷ്ട്രീയ അതികായന്റെ പ്രഭാവം അത്ര നിസ്സാരമല്ല.
ലോക്സഭയിലും രാജ്യസഭയിലും കശ്മീർ ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകൾ വോട്ടിനിട്ടപ്പോൾ കാര്യങ്ങൾ ഏകോപിപ്പിച്ചതും സംവാദം നയിച്ചതും പ്രതിപക്ഷ നിരയെ ഫലപ്രദമായി നേരിട്ടതും അമിത് ഷാ ആയിരുന്നു.
ബില്ലുകളിൽ ജയഭേരി മുഴക്കുന്ന വാക്ചാതുരിയോടെ അമിത് ഷാ സഭാതലം കീഴടക്കിയപ്പോൾ ട്വിറ്ററിലൂടെയും മറ്റും അതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലപാട് വ്യക്തമാക്കി. അമിത് ഷായുടെ പ്രസംഗത്തിനിടെയുള്ള പദപ്രയോഗം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുന്നോട്ടു വന്നതും കൗതുകകരമായ വാക്പോരാട്ടത്തിന് സാഹചര്യമൊരുക്കി.
ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയാണ് പൗരത്വ ബില്ലില്‍ പരിഗണിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ഒറ്റ മറുചോദ്യമെറിഞ്ഞു പ്രതിപക്ഷ ബെഞ്ചുകളെ അമിത് ഷാ നിശബ്ദതയിൽ മൂടി.
‘ഇന്ത്യയും അഫ്ഗാനിസ്ഥാനും 106 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെന്നാണു എന്റെ ധാരണ. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ പ്രതിപക്ഷം കരുതുന്നത്.’ എന്ന അമിത് ഷായുടെ മറുചോദ്യത്തിൽ എല്ലാം നിഷ്പ്രഭം.
അമിത് ഷാ ഒരോ വാക്കും പറയുന്നത് വ്യക്തമായ ധാരണയോടെയാണ് .
ബിജെപിയുടെയും സംഘപരിവാരിന്റെയും പ്രത്യയശാസ്ത്രം അമിത് ഷാ കൗശലത്തോടെ നടപ്പാക്കുകയാണെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചയിലും ഇതേ വാദം ഉയർത്തിയാണ് അമിത് ഷാ പ്രതിപക്ഷ നിരയുടെ വായടച്ചത്.
വ്യക്തമായ നിലപാടില്ലാതെ, സഖ്യകക്ഷികളുമായി ചർച്ചചെയ്യാതെ സഭയിൽ എത്തുകയും ശിവസേനയുടെ അപ്രതീക്ഷിത തീരുമാനത്തിൽ ഞെട്ടുകയും ചെയ്ത കോൺഗ്രസിനെയും ഇതരകക്ഷികളെയും പോലെയല്ല അമിത് ഷാ സഭാചർച്ചകൾക്കെത്തിയത് എന്നതും ഇതോടെ വ്യക്തം. ബില്ലിനെതിരായ വികാരം പൊതുജനമധ്യത്തിൽ ഒന്നിച്ച് എത്തിക്കുന്നതിലും പ്രതിപക്ഷ നിര പരാജയപ്പെടുകയാണുണ്ടായത്.
ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ കത്തിവയ്ക്കുന്നതെന്നാണ് പ്രതിപക്ഷം ഉയർത്തിയ പ്രധാനവാദം. ബിൽ ഒരു മതത്തെ മാറ്റിനിർത്തുന്നു.
മറ്റു ചിലതിനെ ഉൾപ്പെടുത്തുന്നു. അതു ന്യായമെന്നു സർക്കാർ നിലപാടെടുക്കുന്നു. – ഇതെല്ലാം നിർഭയമായി വിളിച്ചു പറയാൻ കപിൽ സിബിലോ, ആനന്ദ് ശർമ്മയോ, ശശി തരൂരോ മാത്രമാണ് കോൺഗ്രസ് നിരയിൽ ശേഷിക്കുന്നതെന്നു ദേശീയ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി.
നിലപാടുകളിലുറച്ച് ലീഗും ഇടതു എംപിമാരും വിമർശനങ്ങളുമായി രംഗത്തുവന്നെങ്കിലും ഉറച്ചനിലപാടുകളോടെ ആഭ്യന്തര മന്ത്രി നടത്തിയ പ്രകടനത്തെ ചെറുക്കാൻ അതൊന്നും ഫലപ്രദമായില്ല.
പൗരത്വ ബില്‍ വരുന്നതോടെ ലക്ഷക്കണക്കിന് പേർക്കു പൗരത്വത്തിന് അപേക്ഷിക്കാനാകുന്ന സ്ഥിതിവിശേഷമാകും ഉണ്ടാകുകയെന്ന അമിത് ഷായുടെ വാദത്തെ ഫലപ്രദമായി നേരിടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റുന്നവരല്ലെന്നും ഒറ്റരാത്രി കൊണ്ട് എന്തുകൊണ്ടാണ് നിലപാട് മാറ്റിയതെന്ന് ശിവസേന മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയണമെന്നും ഷാ രാജ്യസഭയിൽ ഒളിയമ്പെയ്തപ്പോൾ അതിനു മറുപടി പറയാൻ ആർക്കുമായില്ല.
വിവാദമായ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിൽ വോട്ടിനിട്ടപ്പോള്‍ പ്രതീക്ഷിച്ചത്ര വോട്ട് പ്രതിപക്ഷത്തിനു ലഭിക്കാതിരുന്നത് അവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി.
അടുത്തിടെ സ്വപക്ഷത്തേക്ക് എത്തിയ ശിവസേനയുടെ എംപിമാര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിൽക്കുന്നതു തടയാൻ പോലും പ്രതിപക്ഷത്തിനു കഴിയാതെ വന്നു.
ഇതോടെ രാഷ്ട്രീയ അജൻഡ എന്ന് എതിരാളികൾ ആരോപണം ഉയർത്തിയ പൗരത്വ ഭേദഗതി അധികം പ്രയാസം കൂടാതെ പാസാക്കിയെടുക്കാൻ ബിജെപിക്കു സാധിക്കുകയും ചെയ്തു. ആധുനിക രാഷ്ട്രീയത്തിലെ അതികായൻ, ചാണക്യ തന്ത്രങ്ങളുടെ മാസ്റ്റർ ബ്രയിൻ
അമിത്ഷാ സ്വന്തമാക്കിയ വിശേഷണങ്ങൾ ചെറുതല്ല.
ഇന്ത്യൻ രാഷ്ട്രീയത്തില്‍ മോഡി ഒന്നുമല്ലാതിരുന്ന കാലത്ത്തന്നെ കൈപിടിച്ച് കൂടെ കൂടിയ വ്യക്തിയാണ് അമിത്ഷാ..മോദിയുടെ എക്കാലത്തെയും വിശ്വസ്തൻ. മോദിക്ക് വിജയ തന്ത്രങ്ങൾ മെനഞ്ഞു നൽകുന്ന രാഷ്ട്രീയ ചാണക്യൻ.
കേഡർ പാർട്ടി സംവിധാനം പിന്തുടരുന്ന , ഉൾപ്പാർട്ടി ജനാധിപത്യം നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ അടക്കി ഭരിച്ചിരുന്ന ,
കുടുംബ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും നിഷ്പ്രഭമാക്കികൊണ്ട് ജന മനസുകളിൽ സ്ഥാനം നേടാൻ , ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ബിജെപിക്കു സാധിച്ചുവെങ്കിൽ അത് അമിത്ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ വിജയം തന്നെ എന്നതിൽ സംശയമില്ല.
അതുകൊണ്ടുതന്നെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് തീരുമാന ങ്ങൾ നടപ്പിലാക്കികൊണ്ട് അമിത്ഷാ നടത്തുന്ന തേരോട്ടം എത്തി നിൽക്കുക പ്രധാനമന്ത്രി പദത്തിലേക്കാവും എന്നതും നിസ്സംശയം പറയാൻ സാധിക്കും.
https://www.facebook.com/Malayalivartha



























