മരണം ഉറപ്പായതോടെ നിര്‍ഭയ കൂട്ട ബലാത്സംഗത്തിലെ നാലു പ്രതികളും വിഷാദത്തില്‍, ആഹാരം പോലും കഴിക്കാതായി!

ഡല്‍ഹി കൂട്ട ബലാത്സംഗ കേസ് ഏഴാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായതോടെ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളും വിഷാദത്തിലാണ്. പ്രധാനപ്രതി ആത്മഹത്യ ചെയ്തതുപോലെ പോലെ ഈ പ്രതികള്‍ സ്വയം ശാരീരിക പീഡനത്തിന് മുതിരാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൂക്കുകയര്‍ മുറുകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളായ അക്ഷയ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവര്‍ ആഹാരം പോലും കഴിക്കാതായിട്ടുണ്ട്. കഴിഞ്ഞയാഴ്ച തീഹാര്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയില്‍ പരിശോധിച്ച് തയ്യാറെടുപ്പുകളില്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസിലെ പ്രധാനപ്രതി രാംസിംഗ് 2013-ല്‍ ജയിലില്‍ തന്നെ ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മണ്ഡോലി ജയിലില്‍ നിന്നും കേസിലെ പ്രതികളില്‍ ഒരാളായ പവന്‍ കുമാര്‍ ഗുപ്തയെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്്, നാലു പേരുടെയും ശിക്ഷ നടപ്പാക്കുന്നത് വിദൂരമല്ലെന്ന സൂചനയാണെന്നാണ് വിവരം. പവന്‍കുമാര്‍ മറ്റു പ്രതികളുമായി നടത്തുന്ന ആശയവിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറു പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് കീഴില്‍ വിടുകയും മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ഇയാള്‍ സ്വതന്ത്രനാകുകയും ചെയ്തിട്ടുണ്ട്.
നേരത്തേ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം രണ്ടു പോലീസുകാര്‍ മാത്രമായിരുന്ന ഇവിടെ സുരക്ഷാചുമതല വഹിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു പോലീസുകാരനെക്കൂടി ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. ജയിലിലെ സീനിയര്‍ ഉദ്യോഗസ്ഥരും സുരക്ഷാ നിരീക്ഷിക്കുന്നുണ്ട്.
വധശിക്ഷ നടപ്പാക്കാനുള്ള ഓര്‍ഡര്‍ ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും കിട്ടിയേക്കാവുന്ന ഓര്‍ഡര്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് തീഹാര്‍ ജയില്‍. ശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുപ്പ് നടക്കുന്നതോടെ ഓരോ വിവരങ്ങളും അതീവ രഹസ്യമാക്കി വെയ്ക്കാന്‍ ജയില്‍ ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച പ്രതികളുടെ ഐഡന്റിറ്റി സംബന്ധിച്ച പരിശോധനകള്‍ വീഡിയോവഴി പൂര്‍ത്തിയാക്കിയിരുന്നു.
തീഹാറിലെ ജയില്‍പ്പുള്ളികള്‍ തന്നെ ശിക്ഷ നടപ്പാക്കാനുള്ള ഉപകരണത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്ന ചേംബര്‍ വൃത്തിയാക്കല്‍ ജോലികന്‍ നടന്നിരുന്നു. വധശിക്ഷ നടപ്പാക്കുന്ന മുറിയിലെ ലിവര്‍ ഉള്‍പ്പെടെയുള്ളവ വൃത്തിയാക്കിയിരുന്നു. ഈ ലിവര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നേരത്തേ ജയില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ചേംബറിലെ ലൈറ്റുകള്‍ റിപ്പയര്‍ ചെയ്യുകയും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ ആരാച്ചാരെ കിട്ടിയിട്ടില്ല എന്ന സൂചനകളുമുണ്ട്.
ന്യൂഡല്‍ഹിയിലെ 2018 ജയില്‍ മാനുവല്‍ പ്രകാരം വേണം ഇത്തവണ ആരാച്ചാര്‍ ശിക്ഷ നടപ്പാക്കാന്‍. 2013 ല്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്ന കാലത്ത് ലിവര്‍ വലിക്കുകയും എടുത്തുമാറ്റുകയുമായിരുന്നു ചെയ്യേണ്ടിയിരുന്ന ജോലി. പുതിയ മാനുവല്‍ അനുസരിച്ച് ശിക്ഷ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയുന്ന ആരാച്ചാരാണ് വേണ്ടത്. ഇതിനകം അനേകം പേര്‍ ആരാച്ചാരാകാന്‍ തയ്യാറായിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമനാഥപുരംകാരനായ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ശ്രീനിവാസനും സന്നദ്ധത അറിയിച്ചവരില്‍ പെടുന്നു. ഇദ്ദേഹം തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു. ഇതിന് പുറമേ ആരാച്ചാരുടെ മൂന്നാം തലമുറയില്‍ പെട്ട പവന്‍ ജലാദ് എന്ന മീററ്റുകാരനും രംഗത്ത് വന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച ക്രിമിനലുകളെ തൂക്കിലേറ്റിയ ആരാച്ചാരുടെ കൊച്ചുമകനാണ് ഇയാള്‍.
2012 ഡിസംബര്‍ 16-നായിരുന്നു ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ സംഭവം നടന്നത്. നിര്‍ഭയ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23-കാരിയെ രാത്രിയില്‍, ഓടുന്ന ബസിനുള്ളില്‍ ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ബസിനുള്ളില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഡിസംബര്‍ 29-ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് രാജ്യത്ത് ഉടനീളം അലയടിച്ചത് അസാധാരണ പ്രതിഷേധമായിരുന്നു.
https://www.facebook.com/Malayalivartha



























