ഭാര്യയെ ഉപദ്രവിച്ച് വിവാഹമോചനം നേടാന്‍ ശ്രമിച്ച ഐ. പി. എസ് ട്രെയിനിക്ക് പണിപോയി! ഐപിഎസ് ലഭിച്ചതോടെ നിലവാരം ഉയര്‍ന്നതിനാല്‍ ഉന്നത നിലവാരത്തിലുള്ള വിവാഹം കഴിക്കാന്‍ ശ്രമം!

ഐ.പി.എസ് ലഭിക്കുന്നതിനു മുമ്പ് രഹസ്യവിവാഹം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് 'നിലവാരമുള്ള' വിവാഹം കഴിക്കാന്‍ ശ്രമം നടത്തിയ ഐ.പി.എസ് ട്രെയിനിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശി കെ.വി മഹേശ്വര്‍ റെഡ്ഡി (28)യാണ് ഭാര്യയെ ഉപദ്രവിച്ചതിനും വിവാഹമോചനത്തിന് ശ്രമിച്ചതിനും പണിവാങ്ങിയത്.
പിന്നാക്ക വിഭാഗത്തില്‍ പെട്ട ബിരുദധാരിണിയായ ഭവാനി (28) എന്ന യുവതിയെ 2018 ഫെബ്രുവരി ഒമ്പതിന് റെഡ്ഡി രഹസ്യ വിവാഹം കഴിച്ചിരുന്നു. സെക്കന്ദരാബാദില്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ് ഇവര്‍. വ്യത്യസ്ത സമുദായത്തില്‍പെട്ട ഇരുവരും തമ്മില്‍ 2009-ല്‍ കോളജ് പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് റെഡ്ഡിയെ സാമ്പത്തികയായി സഹായിച്ചിരുന്നത് ഭവാനിയായിരുന്നു.
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 126-ാം റാങ്ക് ജേതാവാണ് മഹേശ്വര്‍ റെഡ്ഡി. എന്നാല്‍ ഐ.പി.എസ് കിട്ടിയതോടെ ഇയാളുടെ മട്ടുമാറി. തന്റെ നിലവാരത്തിനൊത്ത വിവാഹം കഴിക്കണമെന്ന ചിന്തയായി.
ഭവാനി പല തവണ തങ്ങളുടെ വിവാഹക്കാര്യം റെഡ്ഡിയുടെ മാതാപിതാക്കളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മഹേശ്വര്‍ റെഡ്ഡി തയ്യാറായില്ലെന്നു മാത്രമല്ല, ഭാര്യയെ ഉപദ്രവിക്കാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബറിലാണ് ഭാര്യ റെഡ്ഡിക്കെതിരെ പരാതി നല്‍കിയത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, എസ്.സി, എസ്.ടി വിഭാഗത്തിന് എതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഭവാനി തെളിവായി സമര്‍പ്പിച്ചിരുന്നു.
കേസെടുത്ത വിവരം ആഭ്യന്തരമന്ത്രാലയത്തിലും യു.പി.എസ്.സിയിലും ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കദാമിയിലും പട്ടികജാതി ദേശീയ കമ്മീഷനിലും പോലീസ് അറിയിച്ചിരുന്നു.
വിവാഹ കാര്യം പുറത്തുവിട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റെഡ്ഡി ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് ഭവാനി പറയുന്നു. ഇരുവരേയും തമ്മില്‍ അനുരഞ്ജിപ്പിക്കാന്‍ പോലീസ് മൂന്നു വട്ടം കൗണ്‍സിലിംഗും നടത്തിയിരുന്നു. എന്നാല്‍ ഭവാനിയുമായുള്ള വിവാഹ ബന്ധം തുടരാന്‍ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും റെഡ്ഡി വാശിപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതോടെയാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ മസൂറിയിലെ പോലീസ് ട്രെയിനിംഗ് ക്യാംപില്‍ പരിശീലനത്തിലായിരിക്കുന്ന ഇയാളെ ഏതു നിമിഷവും അറസ്റ്റു ചെയ്യാമെന്നും പോലീസ് അറിയിച്ചു.
സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി കിട്ടുമെന്നാണ് ഭവാനിയുടെ പ്രതീക്ഷ. കേസില്‍ നിന്ന് വിടുതല്‍ നേടുന്ന ഘട്ടത്തില്‍, റെഡ്ഡിയുടെ സസ്പെന്‍ഷന്‍ നോട്ടീസ് സര്‍ക്കാര്‍ പുനഃപരിശോധിക്കും.
https://www.facebook.com/Malayalivartha



























