നിരോധിത മേഖലയിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ചു താരമായി മന്ത്രിയുടെ മകൾ:പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ചിത്രങ്ങൾ വൈറലായി. പിന്നാലെ രൂക്ഷവിമർശനം നേരിട്ട് മന്ത്രിയുടെ മകൾ. ഒഡീഷ ആരോഗ്യ മന്ത്രിയുടെ മകൾ നബ കിഷോറും സുഹൃത്തുക്കളായ മൂന്ന് നടിമാരുമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന് സമീപത്തെ നിരോധിത മേഖലയിൽ നിന്ന് ഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഇവർക്ക് വിനയായത്. നടിമാരായ പ്രകൃതി മിശ്ര, എലീന സമന്തരി, ദിപാലി ദാസ് എന്നിവർക്കൊപ്പമാണ് നബ കിഷോർ അണക്കെട്ട് സന്ദർശിക്കാനെത്തിയത്. ഒഡീഷയിലെ സംബാൽപൂർ ജില്ലയിലാണ് ഹിരാക്കുഡ് അണക്കെട്ട്. ബുർളയിൽനിന്ന് പുറപ്പെട്ട നബയും സുഹൃത്തുക്കളും ശനിയാഴ്ച ഹിരാക്കുഡിലെത്തി. തുടർന്ന് അണക്കെട്ടിന് സമീപത്തെത്തിയ സംഘം സന്ദർശന നിരോധനം ഏർപ്പെടുത്തിയ മേഖലയിൽ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി.
എന്നാൽ ലൈക്കുകൾക്കുപകരം നിരോധിത മേഖലയിൽ അതിക്രമിച്ച് കടന്ന് ചിത്രങ്ങൾ പകർത്തിയ നബയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ ആളുകൾ രൂക്ഷവിമർശനമാണ് നൽകിയത്. സുരക്ഷ മറികടന്ന് മന്ത്രിയുടെ മകളും താരങ്ങളും എങ്ങനെ അവിടെ പ്രവേശിച്ചെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. മന്ത്രിയുടെ മകൾ എന്ന ലേബൽ ദുരുപയോഗം ചെയ്യുകയാണ് എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഹിരാക്കുഡ് എസ്ഡിപിഒയിൽ നിന്ന് സംബാൽപൂർ എസ്പി കൻവർ വിശാൽ സിംഗ് റിപ്പോർട്ട് തേടി.
https://www.facebook.com/Malayalivartha



























