ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം.. .

ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാക്സ് വിമാനത്തിന് സര്‍വ്വീസ് നടത്താനുള്ള അനുമതി അമേരിക്കയിലെ വ്യോമയാന വകുപ്പുകളില്‍നിന്ന് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെയ്ക്കുകയാണെന്ന് ബോയിങ് അറിയിച്ചത്. ബോയിങ് നിരയിലെ മുന്‍നിര ജെറ്റുകളിലൊന്നാണ് മാക്സ്.
എന്നാല്‍ അടുത്തിടെ ഇന്‍ഡൊനീഷ്യയിലും ഏത്യോപ്യയിലുമായി ബോയിങ് 737 മാക്സ് വിമാനം അപകടത്തില്‍പ്പെട്ട് 346 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷം സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് മാക്സ് ജെറ്റുകള്‍ക്ക് സര്‍വ്വീസ് തുടരാനുള്ള അനുമതി യുഎസ് ഫെഡറല്‍ ഏവിയേഷനില്‍നിന്ന് ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായ അപകടങ്ങള്‍ കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ കണ്‍ട്രോള്‍ സോഫ്റ്റ്വെയറില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി.
സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്ത ബോയിങ് പ്രശ്നം പരിഹരിച്ചെങ്കിലും വ്യോമയാന വിഭാഗം ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല. വാഷിംഗ്ടണിലെ റണ്‍ടണ്‍ നിര്‍മാണ ശാലയിലാണ് മാക്സ് ജെറ്റിന്റെ നിര്‍മാണം നടന്നിരുന്നത്. അതേസമയം നിര്‍മാണം നിര്‍ത്തുകയാണെങ്കിലും ഇവിടെ ജോലി ചെയ്ത 12,000 ത്തോളം തൊഴിലാളികളെ ഇപ്പോള്‍ പിരിച്ചുവിടില്ലെന്നും ബോയിങ് അറിയിച്ചിട്ടുണ്ട്.എന്നാല്‍ നിര്‍മാണം നിര്‍ത്തുന്നത് സാമ്പത്തിക മേഖലയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ഈ ഒക്ടടോബറില്‍ അമേരിക്കന്‍ വിമാന നിര്‍മാണ വ്യവസായത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാക്സ് നിര്‍മാണം നിര്‍ത്തിവെച്ചതാണ് ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha



























