പൗരത്വ നിയമം സ്റ്റേ ചെയ്യില്ല; പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു; ജനുവരി 22-ന് ഹർജി ഇനി പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി. രാജ്യമാകെ വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ജനുവരി 22-ന് ഹർജി ഇനി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. നിയമം റദ്ദാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു.
മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിരുന്നു. മുസ്‌ലിം ലീഗ്, ഓൾ അസം വിദ്യാർഥി യൂണിയൻ, അസം ഗണപരിഷത്ത്, ഓൾ അസം അഭിഭാഷക അസോസിയേഷൻ തുടങ്ങിയവയുടെയും തൃണമൂൽ എംപി മൊഹുവ മൊയ്ത്രയുടെയും ഹർജികളാണു പട്ടികയിലുള്ളത്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അധ്യക്ഷനായ കേരള മുസ്‌ലിം ജമാഅത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
മുസ്ലിങ്ങളൊഴികെയുള്ളവർക്ക് പൗരത്വം നൽകാൻ ഉള്ള ചട്ടങ്ങൾ ഉൾപ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്നാണ് ഹർജിക്കാരുടെ വാദം. മതപരമായ വേർതിരിവ് കാണിച്ച് പൗരത്വം നൽകാനുള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്‍റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി കപിൽ സിബൽ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസിൽ ഹാജരായത്.
പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണ് ഹർജി അടിയന്തരമായി പരിഗണിക്കാനോ സ്റ്റേ അനുവദിക്കാനോ സുപ്രീംകോടതി വിസമ്മതിക്കുന്നത്.
അടിയന്തരമായി ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നും, വിശദമായി കേന്ദ്രസർക്കാരിന്‍റെ കൂടി ഭാഗം കേൾക്കേണ്ടതാണെന്നും കണക്കുകൂട്ടിത്തന്നെയാണ് സുപ്രീംകോടതി ഇത് പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിയിൽ ന്യായീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സർവകലാശാലയിൽ കയറിയത്. വിദ്യാർഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സർവകലാശാലയിൽ കയറിയത്. കുറഞ്ഞ സേനാബലം മാത്രമാണ് ഉപയോഗിച്ചതെന്നും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























