നമ്മള്‍ ഒരുപടികൂടി അടുത്തു; നിര്‍ഭയ കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നിര്‍ഭയയുടെ അമ്മ

നിര്‍ഭയ കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നിര്‍ഭയയുടെ അമ്മ ആശാദേവി. സുപ്രീംകോടതിയുടേത് ശരിയായ തീരുമാനമാണെന്നും നമ്മള്‍ ഒരുപടികൂടി അടുത്തുവെന്നും അവര്‍ പ്രതികരിച്ചു.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ്കുമാര്‍ സിങ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീംകോടതി നേരത്തെ വിധിച്ച വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്.
നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന് പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,
കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു, ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയിൽ പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.
പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു. കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡേ ഹാജരായിരുന്നു.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിമ്മുമ് ഉയർന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
https://www.facebook.com/Malayalivartha



























