പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം കല്യാണപ്പന്തലിലും; വേറിട്ട പ്രതിഷേധവുമായി വധു വരന്മാർ; ചിത്രങ്ങൾ വൈറലാകുന്നു

പൗരത്വ നിയമഭേദഗതികെതിരായ പ്രതിഷേധം നാടെങ്ങും ആളിക്കത്തുമ്പോൾ വേറിട്ട പ്രതിഷേധവുമായി കേരളത്തിലെ വധു വരന്മാർ. പ്രതിഷേധവേദിയായി അവർ തിരഞ്ഞെടുത്തത് സ്വന്തം വിവാഹ പന്തൽ തന്നെയാണ്. കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ നടന്ന മൂന്നു വിവാഹ വേദികളിലാണ് പ്രതിഷേധം അലയടിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ വൈറലായി പ്രചരിക്കുകയാണ്. ഡി വൈ എഫ് ഐ ധര്‍മ്മടം മേഖലാ ട്രഷറര്‍ എ ഷിബിന്റെയും കൊളച്ചേരി മേഖലാ കമ്മിറ്റി അംഗം ഹര്‍ഷയുടെയും വിവാഹ ചടങ്ങിനിടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് വധു വരന്മാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. വിവാഹ ചടങ്ങുകൾക്കിടെയുള്ള പ്രതിഷേധം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കണ്ണൂര്‍ കക്കാട് വിവാഹിതരായ സനൂപിന്റെയും ആതിരയുടെയും വിവാഹ ചടങ്ങും പ്രതിഷേധ വേദിയായി.
ഡി വൈ എഫ് ഐ തലശേരി ടൗണ്‍ മേഖലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മുത്തുവും വിസ്മയയുമാണ് വിവാഹ പന്തലിനെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാക്കി മാറ്റിയ മറ്റു രണ്ടു പേര്‍. നോ സിഎഎ, പ്രതിഷേധിക്കുന്നത് അക്രമമല്ല,അവകാശമാണ്, വേഷം കൊണ്ട് തിരിച്ചറിയൂ ഞങ്ങളെ, തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യം വിളിച്ചും വധു വരന്മാർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. അടുത്തിടെ സേവ് ദി ഡേറ്റ് ഫോട്ടോകളിലും പൗരത്വ നിയമഭേദഗതികെതിരായ പ്രതിഷേധം വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ പ്രചാരം നേടിയിരുന്നു. ക്യാമ്പസുകളിൽ തുടങ്ങിയ പ്രതിഷേധങ്ങൾ ഇപ്പോൾ മറ്റിടങ്ങളിലേക്കും കത്തിപ്പടരുന്ന കാഴ്ചയാണ് കാണുന്നത് .
https://www.facebook.com/Malayalivartha



























