സമരത്തില്‍ പങ്കെടുത്തവര്‍ക്കായി 'വാണ്ടഡ്' നോട്ടീസ്; പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സമരത്തിനിടെയുണ്ടായ അക്രമത്തില്‍ കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റവും കൂടുതൽ മരണം ഉണ്ടായതും ഉത്തർ പ്രദേശിയലാണ്. പ്രതിഷേധ സമരത്തിനിടെയുണ്ടായ അക്രമത്തില്‍ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'വാണ്ടഡ്' ലിസ്റ്റ് പോലീസ് പുറത്തുവിട്ടു. അക്രമികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നും സർക്കാർ വ്യക്തമാക്കി.
വീഡിയോ, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെടുത്ത 100 കലാപകാരികളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് മീററ്റില്‍ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. പോലീസിന്റെ വെടിവയ്പില്‍ 15 ഓളം പേരാണ് മരിച്ചത്. മീററ്റിനു പുറമേ, ബഹ്‌റിയച്, ബറേലി, വാരണസി, മദോഹി, ഗൊരഖ്പുര്‍, സാംബല്‍ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും സംപ്രഷണം ചെയ്യുന്നിതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. ജനുവരി ഒമ്ബതിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്നും റെയില്‍വേ വസ്തുക്കള്‍ നശിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്ത് ക്രമസമാധാന സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായും അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത പറഞ്ഞു. സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ബോധിപ്പിക്കാനും അക്രമം തടയാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കാനും റെയില്‍വേയ്ക്കും കോടതി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha



























