മമത ഒരുമ്പെട്ടാല്‍... രാഹുല്‍ ഗാന്ധി വിദേശ പര്യടനം കഴിഞ്ഞ് വന്ന് സമരം ഏറ്റെടുത്തെങ്കിലും ചൂടില്ല; കിട്ടിയ അവസരം മുതലാക്കി നേതൃസ്ഥാനം ഏറ്റെടുത്ത് മമത ബാനര്‍ജി കുതിക്കുന്നു; സോണിയ ഗാന്ധിക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമതയുടെ കത്ത്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബിജെപിക്കാര്‍ക്കും ഒരുപോലെ പേടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമായ ഇവര്‍ 1997ല്‍ ആണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത്. അതോടെ കോണ്‍ഗ്രസിന്റെ ആജന്മ ശത്രുവായി. പശ്ചിമ ബംഗാള്‍ കാല്‍ നൂറ്റാണ്ടായി അടക്കി ഭരിച്ച സിപിഎമ്മിനെ ഓടിച്ച് ഭരണം കൈയ്യടക്കിയതോടെയാണ് സിപിഎമ്മിന്റേയും ശത്രുവായത്. ഇപ്പോള്‍ ബംഗാളില്‍ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായതിനാല്‍ അവര്‍ക്കും മമതയെ കണ്ടുകൂട. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്താണ് മമത ബാനര്‍ജി. പലപ്പോഴും മമത സമ്മാനങ്ങള്‍ അയച്ചുതരാറുണ്ടെന്ന വാര്‍ത്ത ജനം അതിശയത്തോടെയാണ് കേട്ടത്. കാരണം മോദിയെ തലങ്ങും വിലങ്ങും ഒരു ദയയുമില്ലാതെ വിമര്‍ശിക്കുന്നയാളാണ് മമത.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് പൗരത്വ ഭേദഗതി നിയമം വന്നത്. ആദ്യം സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്തിയ മമത എല്ലാവരേയും കൂട്ടുകയാണ്.
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മമതാ ബാനര്‍ജി കത്ത് അയച്ചിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു.
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണുള്ളത്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുന്നുവെന്ന് മമത കത്തില്‍ പറയുന്നു.
കത്തിന്റെ പകര്‍പ്പ് സോണിയ ഗാന്ധി, ശരദ് പവാര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്.
ദേശീയ പൗര റജിസ്റ്റര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതില്‍നിന്നു നേരെ എതിരാണെന്ന ആരോപണവുമായി നേരത്തെ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബി.ജെ.പി റാലിയില്‍ എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്നു മോദി പറഞ്ഞതിനെ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം.
പൗര റജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ലെന്നു മമത പറഞ്ഞതിനെ വിമര്‍ശിച്ച്, മമത നിയമമറിയാവുന്ന ആരോടെങ്കിലും ഉപദേശം തേടണമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമത ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.
പൊതുവേദിയില്‍ ഞാന്‍ പറഞ്ഞതും നിങ്ങള്‍ പറഞ്ഞതും ജനങ്ങള്‍ വിലയിരുത്തും. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണ്. ആരാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ഭിന്നിപ്പിക്കുന്നത്? ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഇതിന് മറുപടിയായി മമത പറഞ്ഞത്. എന്തായാലും മമതയുടെ നീക്കം ഏറ്റാല്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha



























