എല്ലാം സോമനാഥന്റെ കയ്യില്‍ ഭദ്രം; ഐ.എസ്. ആര്‍.ഒ.യില്‍ ലെവല്‍ 17 ആണ് ആ റാങ്ക്. ഡോ. എസ്. സോമനാഥിനെ ലെവല്‍ 16 ല്‍ നിന്ന് ലെവല്‍ 17ലേക്ക് സ്ഥാനനക്കയറ്റം നല്‍കാന്‍ നിയമനകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു

ചെയര്‍മാന്‍മാരായ ഒന്‍പത് പേരില്‍ നാലുപേരും മലയാളികളാണെന്നത് യാദൃശ്ചികമല്ല. ഐ.എസ്. ആര്‍.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ വി.എസ്. എസ്. സിയുള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തുനിന്നാണ് ചെയര്‍മാന്‍മാരായി ശാസ്ത്രഞ്ജരെത്തുന്നത്. ഐ.എസ്. ആര്‍.ഒ. ചെയര്‍മാനാണ് പ്രധാനമന്ത്രിയുടെ ബഹിരാകാശ ശാസ്ത്ര ഉപദേഷ്ടാവ്. സ്‌പെയ്‌സ് സെക്രട്ടറിയും അദ്ദേഹം തന്നെയായിരിക്കും.
നിലവില്‍ ഡോ.ശിവനാണ് ആ പദവി വഹിക്കുന്നത്. സെക്രട്ടറി റാങ്കിലേക്ക് സ്ഥാനകയറ്റം നല്‍കിയാണ് ഈ പദവി നല്‍കുന്നത്. ഐ.എസ്. ആര്‍.ഒ.യില്‍ ലെവല്‍ 17 ആണ് ആ റാങ്ക്. ഡോ. എസ്. സോമനാഥിനെ ലെവല്‍ 16 ല്‍ നിന്ന് ലെവല്‍ 17ലേക്ക് സ്ഥാനനക്കയറ്റം നല്‍കാന്‍ നിയമനകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു. നിലവില്‍ ഡോ. ശിവന്‍ മാത്രമാണ് ഈ പദവിയിലുള്ളത്. അതോടെ 2021 ജനുവരിയില്‍ ഡോ.ശിവന്റെകാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടുത്ത ചെയര്‍മാനായി ഡോ. എസ്. സോമനാഥ് നിയോഗിക്കപ്പെടുമെന്ന് ഉറപ്പായി. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളി ശാസ്ത്രജ്ഞനാണ് സോമനാഥ്.സര്‍വീസ് സീനിയോറിറ്റിയല്ല മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനകയറ്റം നല്‍കുന്ന രീതിയാണ് ഐ.എസ്. ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. മെരിറ്റ് പ്രൊമോഷന്‍ സ്‌കീം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതും. അന്‍പത് വിക്ഷേപണങ്ങള്‍ പൂര്‍ത്തിയാക്കി പി.എസ്. എല്‍.വി.റോക്കറ്റ് ശ്രദ്ധേയമായ കാലത്തുതന്നെ അതിന്റെ നിര്‍മ്മാണ വികസനത്തില്‍ സജീവനേതൃത്വം വഹിച്ചസോമനാഥ് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുവെന്നത് കൗതുകകരമാണ്. ഐ.എസ്. ആര്‍.ഒയുടെ നിലവിലെ റോക്കറ്റുകളുടെയെല്ലാം വികസനത്തില്‍ സോമനാഥിന്റെ കൈയൊപ്പുമുണ്ട്.
ഭൂമിയുണ്ടെങ്കിലേ ആകാശത്തേക്ക് കുതിക്കാന്‍ കഴിയുകയുള്ളുവെന്ന് വിശ്വസിക്കുന്ന വളരെ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് സോമനാഥ്. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ വേടാംപറമ്പിലെ അദ്ധ്യാപകന്റെ മകനായ സോമനാഥ് രാജ്യത്തെ ശാസ്ത്രജ്ഞരുടെ മേധാവി പദത്തിലേക്ക് എത്തിയതും ഈ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനത്തിലൂടെയാണ്. അച്ഛന്‍ ശ്രീധരപണിക്കര്‍ അദ്ധ്യാപകനായിരുന്നു. അമ്മ അരൂര്‍ സ്വദേശി തങ്കമ്മ. അരൂരിലെ സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളിലായിരുന്നു പത്താംക്‌ളാസ് വരെ പഠിച്ചത്.പ്‌ളസ്ടുവിന് പകരം അന്ന് പ്രീഡിഗ്രിയായിരുന്നു. അത് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു.പിന്നീട് എന്‍ജിനിയറിംഗിന് കൊല്ലം ടി.കെ.എം. എന്‍ജിനിയറിംഗ് കോളേജിലെത്തി. ഒന്നാം റാങ്കോടെ വിജയിച്ചു. പിന്നീട് ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ടെക്. ചെന്നൈയിലെ ഐ.ഐ. ടിയില്‍ നിന്ന് ഡോക്ടറേറ്റ്. അക്കാഡമിക് തലത്തിലും പ്രവര്‍ത്തനമികവിലും കഴിവ് തെളിയിച്ചാണ് സോമനാഥ് ഐ.എസ്. ആര്‍.ഒ യുടെ പരമോന്നത പദവിയിലെത്തുന്നത്.
https://www.facebook.com/Malayalivartha






















