ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മാറ്റി തടങ്കല്‍ കേന്ദ്രങ്ങളില്‍ ആക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മാറ്റി തടങ്കല്‍ കേന്ദ്രങ്ങളില്‍ ആക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അവരെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിടുമെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത 60 കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നല്കിയ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
രക്ഷിതാക്കളില്‍ ഒരാളോ ഇരുവരോ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അവര്‍ക്ക് കുഞ്ഞിന്റെ പൗരത്വം തെളിയിക്കാനാകാത്ത സാഹചര്യത്തില്‍ അസമിലെ 60 കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
"
https://www.facebook.com/Malayalivartha