ആംവെ മേധാവിയെ അറസ്റ്റു ചെയ്‌തതില്‍ കേന്ദ്രത്തിന് അതൃപ്‌തി ; കേരളത്തിന്റെ നടപടി നിരാശാജനകമെന്ന് സച്ചിന്‍ പൈലറ്റ്

ആംവേ ഇന്ത്യാ മേധാവിയെ കേരള പോലീസ് അറസ്റ്റ് ചെയ്‌തത് ശരിയായില്ലെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രി സച്ചിന്‍ പൈലറ്റ്. കേരളത്തില്‍ വെച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടായതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ രാജ്യത്തെ നിക്ഷേപക അന്തരീക്ഷത്തെ ബാധിക്കുമെന്നും തിരിമറികള്‍ നടത്തുന്ന കമ്പനികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
നിക്ഷേപക തട്ടിപ്പ് നിയന്ത്രിക്കാനുള്ള നിയമത്തിലെ അവ്യക്തതകള്‍ നീക്കുമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കുറ്റത്തിന് ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സിഇഒയുമായ അമേരിക്കന്‍ പൗരന്‍ പിങ്ക്‌നി സ്‌കോട്ട് വില്യം, ആംവെ ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം കണ്ടെത്തിയിരുന്നു. 2012 ഒക്ടോബര്‍ 29ന് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്.
https://www.facebook.com/Malayalivartha























