പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ല; പ്രതികൾക്കു ശിക്ഷ ഒരുമിച്ചു നൽകണം; നിർഭയ കേസിൽ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്‌തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

നിർഭയ കേസിൽ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്‌തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ല. പ്രതികൾക്കു ശിക്ഷ ഒരുമിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിയമ നടപടികൾ തീർക്കാൻ പ്രതികൾക്ക് ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണു കേസിൽ വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണു കേന്ദ്ര സർക്കാരും തിഹാർ ജയിൽ അധികൃതരും ഹര്‍ജി നല്‍കിയത്.
ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നതായും തുഷാർ മേത്ത വാദിച്ചു. എന്നാൽ ജയിൽച്ചട്ടം പ്രകാരം ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാർ ദയാഹർജി സമർപ്പിച്ചു. മുകേഷ് കുമാർ സിങ്ങിന്റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകൻ എ.പി.സിങ്ങാണ് അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്‌കുമാർ എന്നിവർക്കു വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.
തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ നേരെത്തെ തന്നെ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha