അടി കൊള്ളാൻ സൂര്യനമസ്കാരം ചെയ്ത് തന്‍റെ ശരീരത്തെ തയ്യാറാക്കുമെന്ന് രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി മോദി; പ്രതിപക്ഷം 70 വർഷം പ്രവർത്തിച്ചത് പോലെയായിരുന്നു ഞങ്ങളുടെ പ്രവർത്തനമെങ്കിൽ ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും മുത്തലാഖും ഇപ്പോഴും നിലനിൽക്കുമായിരുന്നു; ഇനിയും പുരോഗതിക്കായി കാത്തിരിക്കാൻ രാജ്യത്തിനാവില്ല; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജി പ്രതിപക്ഷത്തിന് ഒരു സിനിമ ട്രെയിലർ മാത്രമാണെങ്കിൽ ബിജെപിക്ക് അദ്ദേഹം ജീവിതമാണെന്ന് ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മോദി പറഞ്ഞു. സർക്കാർ എല്ലാം ഒരുമിച്ച് ചെയ്യുന്നത് എന്തിനെന്നാണ് ചിലർ ചോദിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞു.
പ്രതിപക്ഷം 70 വർഷം പ്രവർത്തിച്ചത് പോലെയായിരുന്നു ഞങ്ങളുടെ പ്രവർത്തനമെങ്കിൽ ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും മുത്തലാഖും ഇപ്പോഴും നില നിൽക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പഴയ രീതികളാണ് പിന്തുടർന്നതെങ്കിൽ രാമജന്മഭൂമി, കർത്താർപൂർ ഇടനാഴി, ബംഗ്ലാദേശ് അതിർത്തി തർക്കങ്ങൾ എന്നിവ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും പുരോഗതിക്കായി കാത്തിരിക്കാൻ രാജ്യത്തിനാവില്ല. ഒരു പുതിയ മാനസികാവസ്ഥയോടെ പ്രവർത്തിക്കാൻ രാഷ്ട്രം ആഗ്രഹിച്ചു. അതു കാരണമാണ് ഞങ്ങൾ ഇവിടെയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വടക്കു-കിഴക്കൻ ഇന്ത്യയിൽ കുറേക്കാലമായി വികസനമുണ്ടായിരുന്നില്ല. എല്ലാവരും മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്. വടക്കു-കിഴക്കൻ മേഖല വികസന കുതിപ്പിലാണ്. കേന്ദ്രമന്ത്രിമാർ നിരന്തരമായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. ഗാന്ധിയാണ് ഞങ്ങളുടെ മാർഗരേഖയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യക്കായുള്ള കാഴ്ചപ്പാടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവതരിപ്പിച്ചതെന്ന് മോദി വ്യക്തമാക്കി. നൂറ്റാണ്ടിലെ മൂന്നാം ദശകത്തിലേക്ക് കടക്കുേമ്പാഴാണ് രാഷ്ട്രപതിയുടെ പ്രസംഗം. രാജ്യത്തിൻെറ ഭാവിയിലേക്കുള്ള റോഡ്മാപ്പാണ് രാഷ്ട്രപതി അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആറ് മാസത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയും നൽകി. ആറ് മാസത്തിനുള്ളിൽ തന്നെ അടിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാൻ സൂര്യനമസ്കാരം ചെയ്ത് തന്‍റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പാർലമെന്‍റിൽ പറഞ്ഞു. ബുധനാഴ്ച ദില്ലിയിലെ റാലിക്കിടെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നിശതമായി വിമർശിച്ചത്. പ്രധാനമന്ത്രി ഇപ്പോൾ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാൽ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തോഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം.
അടികൊള്ളാൻ പാകത്തിന്‍റെ തന്‍റെ നടു ശക്തിപ്പെടുത്താനാവശ്യമായത്ര സൂര്യ നമസ്കാരങ്ങൾ ചെയ്യുമെന്നും കഴിഞ്ഞ 20 വർഷമായി പലതരത്തിലുള്ള നിങ്ങളുടെ അടി നേരിട്ട് തന്നെയാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ തൊഴിലില്ലായ്മ മാത്രം താൻ പരിഹരിക്കില്ലെന്നും പ്രധാനമന്ത്രി പാർലമെൻ്റിൽ പറഞ്ഞു. മഹാത്മാ ഗാന്ധി കീ ജയ് വിളിച്ച് പ്രതിപക്ഷത്തിനോട് ഞങ്ങൾക്ക് ഗാന്ധിജി ജീവിതമാണെന്നും പ്രധാനമന്ത്രി മറുപടി നൽകി.
https://www.facebook.com/Malayalivartha