'മഹാത്മാഗാന്ധി നിങ്ങള്‍ക്ക് ഒരു ട്രെയിലര്‍ മാത്രമാണെങ്കില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ജീവിതമാണ്'; രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മഹാത്മാഗാന്ധി നിങ്ങള്‍ക്ക് ഒരു ട്രെയിലര്‍ മാത്രമാണെങ്കില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ഒരു ജീവിതമാണ്' എന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തോടായി പറഞ്ഞു. ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെ മഹാത്മഗാന്ധിയെ കുറിച്ച് നടത്തിയ പരാമാര്‍ശത്തില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്ലിങ്ങലെ ഭയപ്പെടുത്താനാണ് പാകിസ്താന്‍ എപ്പോഴും ശ്രമിച്ചത്. അതേ പാകിസ്താന്‍റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ഷഹീന്‍ ബാഗ് സമരത്തേയും മോദി പാര്‍ലമെന്‍റില്‍ പരോക്ഷമായി പരമാര്‍ശിച്ചു. ഷഹീൻബാഗ് സമരത്തെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലതവണ പ്രതിഷേധ സ്വരമുയര്‍ത്തി ബഹളം വച്ചു.
മോദിയുടെ പ്രസംഗത്തിനിടെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. 'മഹാത്മാ ഗാന്ധി ജീ കീ ജയ്' എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം 'നാടക'മാണെന്ന ബി.ജെ.പി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ മാപ്പ് പറയണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
https://www.facebook.com/Malayalivartha