38 കേന്ദ്രങ്ങളിലായി 20 ഓളം ബാഗുകളില്‍ നോട്ടുകെട്ടുകള്‍, ബിഗിൽ സിനിമയ്ക്ക് പണം പലിശയ്ക്ക് നൽകിയ തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു; വിജയ് 24 മണിക്കൂറായി കസ്റ്റഡിയിൽ

തമിഴ് സൂപ്പർ താരം വിജയ് 24 മണിക്കൂറായി ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗിൽ സിനിമയ്ക്ക് പണം പലിശയ്ക്ക് നൽകിയ തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു.
തമിഴ്‌നാട്ടിലെ 38 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയിലാണ് ആദായനികുതി വകുപ്പ് ഇത്രയും പണം പിടികൂടിയത്. ഇരുപതോളം ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകള്‍ നിരനിരയായി അടുക്കിവെച്ച നിലയിലായിരുന്നു ബാഗുകൾ. ഏകദേശം 65 കോടിയോളം രൂപയാണ് അന്‍പു ചെഴിയന്‍ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്നതെന്നാണ് ആദായനികുതി വകുപ്പ് പുറത്തുവിടുന്ന വിവരങ്ങള്‍. പരിശോധനകള്‍ ഇനിയും തുടരുമെന്നും സൂചനയുണ്ട്.
ഗോപുരം ഫിലിംസിന്റെ മേധാവിയും തമിഴ് സിനിമാ നിര്‍മാണ രംഗത്തെ പ്രമുഖനുമാണ് ജി.എന്‍. അന്‍പു ചെഴിയന്‍. സിനിമ നിര്‍മാണത്തിന് കോടികള്‍ വായ്പ നല്‍കുന്ന അന്‍പു ചെഴിയനാണ് പല നിര്‍മാതാക്കളുടെയും ആശ്രയം. ചിലരെല്ലാം ഇയാളുടെ ഭീഷണിക്കും ക്രൂരതയ്ക്കും ഇരയായിട്ടുമുണ്ട്. മധുര സ്വദേശിയായ അന്‍പുചെഴിയന്‍ ഒരു നിര്‍മാതാവിന്റെ പരാതിയില്‍ 2011 ല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ഈ കേസില്‍ പിന്നീട് വെറുതെവിട്ടു. പ്രമുഖ തമിഴ് സിനിമ നിര്‍മാതാവായ അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അന്‍പു ചെഴിയനെതിരേ ആരോപണങ്ങളുയര്‍ന്നു.
അന്‍പു ചെഴിയന്റെ നിരന്തര പീഡനവും ഉപദ്രവവും കാരണമാണ് അശോക് കുമാര്‍ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. അതിനിടെ, അന്‍പുചെഴിയനെ അനുകൂലിച്ചും തമിഴ് സിനിമാരംഗത്തെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. യാതൊരു ഈടും വാങ്ങാതെ നിര്‍മാതാക്കള്‍ക്ക് കോടികള്‍ നല്‍കുന്ന പണമിടപാടുകാരനെന്ന പേരും ഇദ്ദേഹത്തിനുണ്ട്.
ദീപാവലിക്കു തിയറ്ററുകളിൽ എത്തിയ പണംവാരി പടം ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിർമാതാക്കളായ എജിഎസ് എന്റർടെയിൻമെന്റ് ഓഫിസുകളിൽ റെയ്ഡ് നടന്നിരുന്നു. വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒൻപതിനാണ് ഇസിആർ റോഡിലെ വീട്ടിലെത്തിച്ചത്. അപ്പോൾ തുടങ്ങിയ പരിശോധനയാണ് തുടരുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ വിങ്ങാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും വിജയ്‌യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലന്നാണു സൂചന.
നടന്‍ വിജയിന്‍റെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം വിജയ് കസ്റ്റഡിയിൽ ആയതോടെ ലോകേഷ് കനകരാജിന്റെ മാസ്റ്റർ സിനിമ പ്രതിസന്ധിയിലായി, ഷൂട്ടിങ് മുടങ്ങി. നോട്ടിസ് നൽകി വിളിപ്പിക്കുന്നതിന് പകരം ഷൂട്ടിങ് തടസപ്പെടുത്തി താരത്തെ കസ്റ്റഡിയിൽ എടുത്തതിന്റെ ഞെട്ടലിലാണു സിനിമാലോകം.
https://www.facebook.com/Malayalivartha