ലോക്ക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താനായില്ല.... യുവതി വഴിയരികില്‍ പ്രസവിച്ചു

ലോക്ക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ യുവതി വഴിയരികില്‍ പ്രസവിച്ചു. പോലീസ് റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാകാതെയാണ് യുവതി വഴിയരുകില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. തെലങ്കാനയില്‍ സൂര്യാപേട്ടിലാണ് സംഭവം നടന്നത്. അണ്ണാദുരൈനഗറില്‍ താമസിക്കുന്ന ഡി. വെങ്കണ്ണയുടെ ഭാര്യ രേഷ്മയാണ് വഴിയരികില്‍ പ്രസവിച്ചത്.
കഴിഞ്ഞ രാത്രി രേഷ്മയ്ക്ക് പ്രസവവേദയുണ്ടായിരുന്നു. രാത്രിയില്‍ത്തന്നെ വെങ്കണ്ണ ആംബുലന്‍സ് വിളിച്ചെങ്കിലും ആംബുലന്‍സ് എത്തിയില്ല. മറ്റൊരു മാര്‍ഗവുമില്ലാതെയാണ് വെങ്കണ്ണ പുലര്‍ച്ചെ ഭാര്യയെ സ്‌കൂട്ടറില്‍ ഇരുത്തി സൂര്യാപ്പെട്ടിലേയ്ക്ക് പുറപ്പെട്ടത്. വഴിയില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
എന്നാല്‍ സ്ഥലത്ത് പോലീസുകാരാരും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വെങ്കണ്ണ ഭാര്യയെ റോഡരികില്‍ ഇരുത്തി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി തന്റെ അവസ്ഥ വിവരിക്കുകയും ആശുപത്രിയില്‍ എത്തുന്നതിന് ബാരിക്കേഡ് നീക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ബാരിക്കേഡ് നീക്കിക്കൊടുക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ സ്വയം നീക്കിക്കൊള്ളാനും പോലീസ് വെങ്കണ്ണയോട് പറഞ്ഞു. വെങ്കണ്ണ തിരികെ ഭാര്യയ്ക്കരികെ എത്തിയപ്പോള്‍ അവര്‍ വേദനകൊണ്ട് പുളയുകയായിരുന്നു. വൈകാതെ റോഡരികില്‍ത്തന്നെ ഭാര്യ പ്രസവിച്ചു. വെങ്കണ്ണയുടെയും ഭാര്യയുടെയും നിലവിളി കേട്ട് പരിസരവാസികളായ സ്ത്രീകള്‍ സഹിയിക്കാനായി എത്തി. സര്‍ക്കാര്‍ ആശുപത്രിക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്.
വെങ്കണ്ണയുടെയും ഭാര്യയുടെയും ദയനീയ നില കണ്ട പരിസരവാസികളുടെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഒരു ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























