തിരുവണ്ണാമലയിലെ ഗുഹയില്‍ നിന്നും കണ്ടെത്തിയ ചൈനക്കാരന്റെ കോവിഡ് പരിശോധനാഫലം ആശ്വാസമായി

താമസിക്കാന്‍ റൂം കിട്ടാത്തതിനെ തുടര്‍ന്ന് കാട് കയറി ഗുഹയില്‍ താമസമാക്കിയിരുന്ന ചൈനക്കാരന്റെ കോവിഡ് പരിശോധനാഫലത്തില്‍ ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാര്‍. ചൈനീസ് വംശജനായ 35 കാരന് കൊവിഡ് ഫലം നെഗറ്റീവാണെന്നു റിപ്പോര്‍ട്ട് എത്തി. തമിഴനാട് തിരുവണ്ണാമലയിലെ അണ്ണാമലൈ കുന്നിലെ ഗുഹയില്‍ പത്ത് ദിവസത്തോളമായി താമസിച്ചുവരികയായിരുന്ന യാങ് രുയിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. അയാള്‍ തിരുവണ്ണാമലയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ വനപാലകര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് കൈമാറുകയായിരുന്നു. ജനുവരി 20 ന് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി തിരുവണ്ണാമലൈയില്‍ എത്തിയതായിരുന്നു യാങ് രുയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമീപജില്ലകളിലെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തി മാര്‍ച്ച് 25 നാണ് യാങ് രുയി തിരുവണ്ണാമലൈയില്‍ തിരികെ എത്തിയത്. എന്നാല്‍ അപ്പോഴേക്കും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ റൂം നല്‍കാന്‍ ഉടമകള്‍ ആരും തന്നെ തയ്യാറായില്ല. താമസിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ യാങ് രുയി കാട് കയറുകയായിരുന്നു. യാങ് ഗുഹയ്ക്കുള്ളില്‍ താമസിക്കുന്നതായി കണ്ടെത്തി ഐസൊലേറ്റ് ചെയ്‌തെങ്കിലും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, അദ്ദേഹം നെഗറ്റീവാണെന്നു കണ്ടെത്തിയത് ആശ്വാസം നല്‍കുന്നതായി തിരുണ്ണാമല ജില്ലാ കളക്ടര്‍ കെ എസ് കന്ദസാമി പറഞ്ഞു. ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്നതുവരെ ജില്ലാ ഭരണകൂടം സംരക്ഷണം തുടരുമെന്ന് കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























