കൊറോണയില്‍ സ്വന്തം ജനത മരിച്ചു വീഴുമ്പോഴും ഇന്ത്യക്കെതിരേ കുത്തിത്തിരുപ്പുമായി പാക്കിസ്ഥാന്‍. കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ താലിബാനെ ഇറക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് ഭീഷണിക്കെതിരെ പോരാടുന്ന ഘട്ടത്തിലും, അയല്‍രാജ്യമായ പാകിസ്താന്‍, ഇന്ത്യക്ക് പ്രശ്നമുണ്ടാക്കുന്നത് തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വീണ്ടും പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും, പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ വര്‍ധനവുണ്ടായതായി ഇന്ത്യന്‍ കരസേന മേധാവി തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സ്വന്തം പൗരന്മാരെ മാത്രമല്ല, മരുന്നുകള്‍ കയറ്റുമതി ചെയ്തും മെഡിക്കല്‍ ടീമുകളെ അയച്ചും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെയും സഹായിക്കുന്ന തിരക്കിലാണ്. എന്നാല്‍ പാകിസ്താന്‍ തീവ്രവാദം കയറ്റുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം നര്‍വാനെ പറഞ്ഞിരുന്നു. ഇതു അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യക്കെതിരെ ആക്രമണം നടത്താനായി അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ ഭീകര ക്യാമ്പുകള്‍ പാകിസ്താന്‍ സജ്ജമാക്കിയതായാണ് ഏ്റ്റവുമൊടുവിലായി ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയ ജെയ്ഷെ മുഹമ്മദ് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കശ്മീര്‍, അഫ്ഗാനിസ്താനിലുള്ള ഇന്ത്യയുടെ നിക്ഷേപങ്ങള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. പിടിയിലായ ഭീകരന് പാകിസ്താനില്‍ നാലുമാസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താലിബാന്‍ ഭീകരരെ ഉപയോഗിച്ച് കശ്മീരില്‍ പാകിസ്താന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ നേരത്തെ സംശയം ഉയര്‍ത്തിയിരുന്നു. അഫ്ഗാനിസ്താന്റെ പിടിയിലായ ജെയ്ഷെ ഭീകരന്റെ വെളിപ്പെടുത്തലോടെ പാക് നീക്കം പുറത്താവുകയായിരുന്നു.
നങ്കഹാര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏപ്രില്‍ 13ന് ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലില്‍ 15 ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ പക്കല്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും പിടികൂടി. എന്നാല്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചത് ഇതൊന്നുമല്ല. കൊല്ലപ്പെട്ട 15 പേരില്‍ അഞ്ചു പേര്‍ മാത്രമായിരുന്നു താലിബാന്‍ ഭീകരര്‍. മറ്റുള്ളവരെല്ലാം ജെയ്ഷെ മുഹമ്മദിന്റെ ആളുകളായിരുന്നു. ഇതാണ് ഇന്ത്യന്‍ ഏജന്‍സികളെ ആശങ്കപ്പെടുത്തുന്നത്. താലിബാനൊപ്പമുള്ളത് അമേരിക്കന്‍ സേനയെ നേരിട്ട പരിചയമുള്ള ഭീകരരാണ് അധികവും. ജെയ്ഷെയ്ക്കൊപ്പം അവര്‍ കൂടി കൈകോര്‍ത്താല്‍ കശ്മീരിലേക്ക് ഇവര്‍ നുഴഞ്ഞുകയറിയെത്തിയേക്കാം. നിയന്ത്രണ രേഖയ്ക്ക് സമീപം ജെയ്ഷെ ക്യാമ്പുകള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇവയില്‍ ഉള്ള പലരും താലിബാന്റെ പക്കല്‍നിന്ന് പരിശീലനം ലഭിച്ചവരാണെന്നാണ് വിവരം. സമാധാന കരാറിന്റെ ഭാഗമായി അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്ന ഘട്ടത്തില്‍ അവിടെ മേല്‍ക്കൈ നേടുകയെന്നതാണ് പാകിസ്താന്റെ തന്ത്രമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























