ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് കൊവിഡിനെ തിരിച്ചറിയാം; ലോകത്തിനുമുന്നില്‍ തിളങ്ങി ഇന്ത്യന്‍ ഗവേഷകര്‍; സെക്കന്റിനുള്ളില്‍ ഒരാള്‍ക്ക് കോവിഡ് 19, ന്യൂമോണിയ രോഗങ്ങള്‍ ഉണ്ടോ എന്നറിയാം;

കോവിഡ്-19 കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വിദഗ്ദര്‍. ജപ്പാനിലെ ഇന്ത്യന്‍ മെഡിക്കല്‍ ശാസ്ത്രജ്ഞരാണ് നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ജപ്പാനിലെ ക്യോട്ടോയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂര്‍ക്കിയിലെ അധ്യാപകന്റെയും വിദ്യാര്‍ഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തല്‍ നടത്തിയത്. ഇതുപയോഗിച്ച് നോവല്‍ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍നിന്നു നിഗമനങ്ങളിലെത്താനും സാധിക്കും. എക്സ് റേ ഉപയോഗിച്ചാണു സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം.
സോഫ്റ്റ്വെയര്‍ 99.69 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കുമെന്നാണു പരിശോധനാ റിപ്പോര്‍ട്ട്. ഗവേഷണത്തില്‍ ഒസാക കോബെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പിന്തുണയും ലഭിച്ചു. എക്സ് റേ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ സ്വാബുകള്‍ ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ അതിവേഗത്തിലുള്ള പരിശോധനയും സാധ്യമാകും. 3.63 സെക്കന്റില്‍ 100 ചിത്രങ്ങളാണു പകര്‍ത്താന്‍ സാധിക്കുക. രോഗികളെ തൊടേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ സുരക്ഷാ വസ്തുക്കളുടെ ആവശ്യമില്ലെന്നു മെഡിക്കല്‍ ശാസ്ത്രജ്ഞന്‍ നമശിവായം ഗണേഷ് പാണ്ഡ്യന്‍ പറഞ്ഞു.
മലേഷ്യയിലെ സൈബര്‍ജയ യൂണിവേഴ്സിറ്റിക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്ന ഗവേഷകരാണു സോഫ്റ്റ്വെയറിന്റെ നിര്‍മാണത്തിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയാല്‍ ക്യോട്ടോയിലെ സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ തയാറായിട്ടുണ്ടെന്നാണു വിവരം. സൗജന്യമായി നല്‍കുന്നതിനാണു സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതെന്നും പാണ്ഡ്യന്‍ പറഞ്ഞു. കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇനിയും ഡേറ്റ ആവശ്യമാണ്. നിലവില്‍ ആരെയൊക്കെ കോവിഡ് സ്ഥിരീകരിക്കാനുള്ള പിസിആര്‍ (പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റിന് വിധേയമാക്കണമെന്നു തീരുമാനിക്കാന്‍ ഇതുപയോഗിക്കാമെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി.
ഇതിനു സാമ്പത്തിക ചെലവു കുറവാണ്. കൂടാതെ മറ്റേതെങ്കില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനും എളുപ്പത്തില്‍ ഉപയോഗിക്കാം. ന്യൂമോണിയ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാനും സാധിക്കുമെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയായ വിനോദ് ജോസഫ്, ഐഐടി റൂര്‍ക്കിയിലെ പ്രഫസര്‍ ബാലസുബ്രഹ്മണ്യന്‍ രാമന്‍ എന്നിവരോടൊപ്പം ചേര്‍ന്നാണു പാണ്ഡ്യന്‍ ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പരിശോധന വളരെ എളുപ്പമാണ്. രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുത്ത ശേഷം ഇത് ഡീപ് ആന്‍ഡ് മെഷീന്‍ ലേണിങ് മോഡലിലേക്ക് അയക്കുന്നു. സെക്കന്റിനുള്ളില്‍ ഒരാള്‍ക്ക് കോവിഡ് 19, ന്യൂമോണിയ രോഗങ്ങള്‍ ഉണ്ടോ, അരോഗ്യവാനാണോ എന്നീ കാര്യങ്ങള്‍ വ്യക്തമാകും പാണ്ഡ്യന്‍ അവകാശപ്പെട്ടു. ചൈനയുടെ കൊവിഡ് മുലമുള്ള വിപണിയിയിലെ ആര്‍ത്തിക്ക് തടയിടുന്ന ഒരു കണ്ടുപിടിത്തംകൂടിയായി ഇതിനെവിലയിരുത്തുന്നു.
https://www.facebook.com/Malayalivartha























