പരിശീലനപ്പറക്കലിനുയര്‍ന്ന വ്യോമസേനയുടെ അപ്പാച്ചി ഹെലികോപ്റ്റര്‍ കൃഷി ഭൂമിയില്‍ ഇറക്കി

പഞ്ചാബിലെ പഠാന്‍കോട്ട് താവളത്തില്‍ നിന്നു പരിശീലനപ്പറക്കലിനായി പുറപ്പെട്ട വ്യോമസേനയുടെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്നു കൃഷി ഭൂമിയില്‍ ഇറക്കി. 2 പൈലറ്റുമാരും സുരക്ഷിതരാണ്. പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം തകരാര്‍ കണ്ടെത്തിയതോടെയാണു ഹോഷിയാര്‍പുരില്‍ അടിയന്തരമായി ഇറക്കിയത്. സംഭവത്തെക്കുറിച്ചു വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
വ്യാഴാഴ്ച യുപിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ നിന്നു ചണ്ഡീഗഡിലേക്കു പുറപ്പെട്ട കോപ്റ്റര്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്നു ദേശീയ പാതയില്‍ ഇറക്കിയിരുന്നു. ഇപ്രകാരം തുടര്‍ച്ചയായ രണ്ടാം ദിവസമാണു സേനാ കോപ്റ്ററുകള്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നത്.
യുദ്ധമുന്നണിയില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ കോപ്റ്റര്‍ എന്ന പെരുമയുള്ള അപ്പാച്ചി പാക്ക് മേഖലയില്‍ നിന്നുള്ള ഭീഷണി നേരിടാനാണു കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്നു വാങ്ങിയത്. പാക്ക് മേഖലയില്‍ നിന്നുള്ള ഭീഷണി നേരിടാനായാണ് പഠാന്‍കോട്ടില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആകെ 8 അപ്പാച്ചി കോപ്റ്ററുകളാണുളളത്. വരും വര്‍ഷങ്ങളില്‍ 14 എണ്ണം കൂടി യുഎസില്‍ നിന്നെത്തും.
വ്യോമസേനയ്ക്കായി 22 അപ്പാച്ചി ഹെലികോപ്റ്ററുകള്‍ക്കുള്ള 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യുഎസും ഒപ്പിട്ടത്. ഇതിനു പുറമേ, കരസേനയ്ക്കായി 4168 കോടി രൂപ ചെലവില്‍ 6 എണ്ണം കൂടി ഇന്ത്യ വാങ്ങും. ഇതിനുള്ള കരാര്‍ 2017-ല്‍ ഒപ്പിട്ടു. 2022-ല്‍ ലഭിക്കും.
https://www.facebook.com/Malayalivartha























