തമിഴ്‌നാട്ടില്‍ 5 നഗരങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ജനത്തെ ആശങ്കയിലാക്കി

ഞായറാഴ്ച രാവിലെ 6 മുതല്‍ തമിഴ്‌നാട്ടിലെ 5 പ്രധാന നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പച്ചക്കറി-പലചരക്ക് കടകളിലേക്ക് ആളുകളുടെ ഒഴുക്ക്. പല സ്ഥലങ്ങളിലും ജനങ്ങള്‍ അകലം പാലിക്കല്‍ ലംഘിച്ചു. ജനങ്ങളുടെ പരിഭ്രാന്തിക്കു പിന്നാലെ പച്ചക്കറി-പലചരക്ക് കടകള്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി അറിയിച്ചു.
ഏപ്രില്‍ 26 രാവിലെ 6 മുതല്‍ ഏപ്രില്‍ 29 രാത്രി 9 വരെയുള്ള ദിവസങ്ങളിലാണ് ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നീ നഗരങ്ങള്‍ നാലു ദിവസത്തേക്കും സേലം, തിരുപ്പൂര്‍ നഗരങ്ങളില്‍ മൂന്നു ദിവസത്തേക്കുമാണ് അടച്ചിടുക. രാവിലെ 6-നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദമുണ്ടായിരുന്ന പലചരക്ക് കടകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എടിഎമ്മുകളും സര്‍ക്കാര്‍ നടത്തുന്ന അമ്മ കാന്റീനുകളും തുറന്നിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച നഗരങ്ങളിലെ കണ്ടെയ്‌നര്‍ സോണുകളില്‍ അണുനശീകരണം നടത്തും. മൊബൈല്‍ ഷോപ്പ്, റസ്റ്റോറന്റുകളില്‍ നിന്നുള്ള ഹോം ഡെലിവറി, ആശുപത്രി, ഫാര്‍മസി, മെഡിക്കല്‍ ഷോപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. സംസ്ഥാനത്ത് ഇതുവരെ 1,755 കേസുകളും 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 452 കേസുകളുള്ള ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. കോയമ്പത്തൂര്‍ - 141, തിരുപ്പൂര്‍ - 110, മധുര - 56, സേലം - 30 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്ക്.
https://www.facebook.com/Malayalivartha























