യുപിയിലെ മഥുരയില്‍ ക്വാറന്റീനില്‍നിന്ന് മുങ്ങാന്‍ ശ്രമിച്ച ഡോക്ടറെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചു!

കോവിഡ്19 പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയവെ രക്ഷപ്പെട്ട സര്‍ക്കാര്‍ ഡോക്ടറെ പൊലീസുകാര്‍ തിരികെ പിടിച്ചുകൊണ്ടുവന്നു. രക്ഷപ്പെടുന്നതിന്റെയും തിരികെ പിടിച്ചുകൊണ്ടുവരുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. യുപിയിലെ മഥുര ജില്ലയിലാണ് സംഭവം.
അദ്ദേഹം പോകുന്നതുകണ്ട പൊലീസുകാര്‍ വിളിച്ചെങ്കിലും ഇതിനു ചെവികൊടുക്കാതേ നടന്നുനീങ്ങിയ അദ്ദേഹം, പിന്നീട് ഓടാന്‍ ആരംഭിച്ചു. തുടര്‍ന്ന് പൊലീസുകാരും പിന്നാലെ ഓടി. ഒടുവില്‍ പിടിച്ച് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കൊണ്ടുവന്നു.
ഈ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വൃന്ദാവനിലെ ഡിസ്ട്രിക്റ്റ് കമ്പൈന്‍ഡ് ആശുപത്രിയില്‍ത്തന്നെ സ്വയം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡ് ബാധിച്ച് തിങ്കള്‍ രാത്രി ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ അന്നുമുതല്‍ ആശുപത്രി അടച്ചിരിക്കുകയാണ്.
അതേസമയം, ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സര്‍വാഗ്യ രാം മിശ്ര അറിയിച്ചു. ഈ രോഗിയുമായി സമ്പര്‍ക്കം വന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള 13 ആരോഗ്യ പ്രവര്‍ത്തകര്‍ കൃഷ്ണ കുതീര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാത്രി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
രക്ഷപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഓടിപ്പോയതിനെ ഐഎംഎയുടെ മഥുര ഘടകം അപലപിച്ചു.
https://www.facebook.com/Malayalivartha