നവീന്റെ ബുദ്ധി പലരും ഞെട്ടി; വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരുന്ന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി അവരെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരായി മാറ്റുന്ന പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്നവര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇവരെ താത്കാലികമായി സാമ്പത്തികമായി സഹായിക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയുമാണ്.
എന്നാല്‍ ഇതിന് മറുവഴി കണ്ടെത്തിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരുന്ന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി അവരെ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരായി മാറ്റുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വന്നവരെ നിലവില്‍ അതാത് പഞ്ചായത്തുകളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരാകാന്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. ജോലി തുടങ്ങിയാല്‍ ദിവസം 150 രൂപ പ്രതിഫലം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ മടങ്ങിയെത്തിയതിന് പിന്നാലെ ഒഡീഷയില്‍ കോവിഡ്-19 കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. സ്ഥാനത്ത് ഇപ്പോള്‍ 737 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒഡീഷയിലെ എല്ലാ പഞ്ചായത്തുകളിലായി 15,000 ക്വാറന്റൈന്‍ ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി ആറുലക്ഷം പേരെ ഉള്‍ക്കൊള്ളാനാകും. നിലവില്‍ ഒരുലക്ഷം തൊഴിലാളികള്‍ മാത്രമാണ് ക്യാമ്പുകളിലുള്ളത്. എന്നാല്‍ തിരികെ വരുന്നവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതയിലുമാണ്.
നിലവില്‍ ഇവരെ പരിശീലിപ്പിച്ച് കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരായി താത്കാലികമായി നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ തൊഴിലാളികള്‍ ലോക്ക് ഡൗണിന് ശേഷവും നാട്ടില്‍ തങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ മറ്റ് മേഖലകളിലേക്കും ഇവരെ പ്രയോജനപ്പെടുത്താമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha























