ഒടിഞ്ഞ കാലുമായി എത്രനാള്‍... രാജ്യത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ ,നാട്ടിലേക്ക് ജീവനോടെ എത്താന്‍ കഴിയുമോ എന്ന വിങ്ങലില്‍ രാകേഷ് റാം

രാജ്യത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ ,നാട്ടിലേക്ക് ജീവനോടെ എത്താന്‍ കഴിയുമോ എന്ന വിങ്ങലിലാണ് രാകേഷ് റാം .ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്ന് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ അതിഥിത്തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകള്‍ അവസാനനിമിഷം റദ്ദാക്കിയത് വന്‍ പ്രകോപനത്തിന് കാരണമായിരിക്കുകയാണ് ,ഇതിനിടയിലാണ് രാകേഷ് റാമിന്റെ കഥനകഥ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത് .
ബിഹാര്‍ സ്വദേശിയായ രാകേഷ് റാമിന്റെ കഥനകഥ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് .ഒന്നരവര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്നാണ് രാകേഷിന്റെ ഇടതു കാലൊടിയുന്നതും പിന്നീട് ലോഹദണ്ഡ് വച്ചുപിടിപ്പിച്ചതും . മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത നാളുകളായിരുന്നു അന്ന് . ഛാപ്ര ജില്ലയിലെ ശീതള്‍പുര്‍ ഗ്രാമത്തില്‍നിന്നുള്ള ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിച്ചെങ്കിലും കാലില്‍ 12 ഇഞ്ച് നീളമുള്ള ആ ലോഹദണ്ഡ് ഘടിപ്പിക്കേണ്ടി വന്നിരുന്നു നടത്തം എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു അത്. രണ്ടു വര്‍ഷത്തിനു ശേഷം എടുത്തുമാറ്റാവുന്ന വിധത്തിലായിരുന്നു ഘടിപ്പിച്ചിരുന്നതും. ഇതുള്ളതിനാല്‍ത്തന്നെ രാകേഷിന് ദീര്‍ഘദൂരം നടക്കാന്‍ കഴിയില്ല . ഉപജീവനത്തിനായാണ് വയ്യായ്മകള്‍ എല്ലാം അതിജീവിച്ചുകൊണ്ട് ജോലിതേടിയിറങ്ങിയത്
ജീവിക്കാന്‍ വേണ്ടി ആ ലോഹദണ്ഡിന്റെ വേദനയുമായി ഒരിക്കല്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയതാണ് രാകേഷ്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ മെയിന്റനന്‍സ് യാര്‍ഡില്‍ ശുചീകരണജോലി ചെയ്തായിരുന്നു ജീവിതം. ഒരു സ്വകാര്യ കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലി നോക്കി ഏപ്രിലില്‍ ശമ്പളമായി ലഭിച്ചത് 12,000 രൂപയാണ് . അതില്‍ 6000 രൂപ വീട്ടിലേക്കയച്ചു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ രാകേഷിന്റെ രണ്ടു സഹോദരങ്ങള്‍ക്കും കുറച്ചു പണം അയയ്‌ക്കേണ്ടിവന്നു. ശീതള്‍പുരിലെ വീട്ടില്‍ താമസിക്കുന്ന രാകേഷിന്റെ ഭാര്യയുടെ പ്രസവ തീയതി അടുത്തിരിക്കുന്നത് പക്ഷേ എല്ലാ മാസവും പന്ത്രണ്ടിന് എത്തിക്കൊണ്ടിരുന്ന തുക ഇത്തവണ വീട്ടില്‍ എത്താതിരുന്നപ്പോള്‍ കുടുംബാംഗങ്ങളും ആകുലതയിലാണ്.
സ്വകാര്യ കോണ്‍ട്രാക്ടറുടെ അലംഭാവം മൂലം ശമ്പളം ഇതുവരെ ലഭിക്കാത്തതാണു കാരണം എന്ന് തന്നെയാണ് വ്യക്തമാകുന്നത് . ലോക്ഡൗണ്‍ കാരണം വരുമാനം കുറഞ്ഞതിനാലാകാം ശമ്പളം ലഭിക്കാന്‍ വൈകുന്നതെന്ന് രാകേഷ് വിഷമത്തോടെ പറയുന്നുണ്ട് . ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും ഹരിയാനയിലെ ഒരു ചെരുപ്പുനിര്‍മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ഇരുവര്‍ക്കും ജോലി നഷ്ടമായി.
ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ ബിഹാറിലേക്ക് യാത്രയ്ക്കു ശ്രമിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇരുവരെയും തടയുകയായിരുന്നു. ശ്രമിക് ട്രെയിനില്‍ പോകാനായി ഏതാനും ദിവസം മുന്‍പ് രാകേഷും ഒരു ഫോം പൂരിപ്പിച്ചു നല്‍കിയതാണ്. ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഇനി രാജധാനി എക്‌സ്പ്രസില്‍ അവസരമൊരുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ 3500 രൂപയാണ് ബിഹാറിലേക്ക് ടിക്കറ്റ് നിരക്ക്. ശമ്പളം പോലും കിട്ടാതിരിക്കെ ഈ പണം എങ്ങനെ കണ്ടെത്തുമെന്നും രാകേഷ് ചോദിക്കുന്നു. തന്റെയൊപ്പമുള്ള മറ്റുള്ളവരുടെ അവസ്ഥയും ഇതാണ്.
ചോദിച്ചാല്‍ കടം പോലും തരാന്‍ ആരുടേയും കയ്യിലില്ല. റെയില്‍വേയ്ക്കു വേണ്ടി ജോലിയെടുക്കുന്നവരെയെങ്കിലും രാജധാനിയില്‍ വീട്ടിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കണം. അതെങ്കിലും അവര്‍ക്ക് ചെയ്തുതന്നുകൂടേ എന്നാണ് ദയനീയമായി രാകേഷ് ചോദിക്കുന്നത് .വീട്ടിലേക്ക് പോകണമെങ്കില്‍ പണം വേണം. ഇത്രയും ദിവസം ഭക്ഷണമെങ്കിലും കിട്ടി .വരും നാളുകളില്‍ അത് പോലും ലഭിക്കുമോ എന്നറിയില്ല ,പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാകേഷ് ഈ വാക്കുകള്‍ പറഞ്ഞത് .ഭാര്യയുടെ പ്രസവ തീയതി അടുത്തതും ഇദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 'മാതാപിതാക്കള്‍ക്കു വയസ്സായി. ഞാനോ സഹോദരങ്ങളില്‍ ആരെങ്കിലുമോ വീട്ടിലുണ്ടാകേണ്ടത് അത്യാവശ്യമാണ്'. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടാനൊരുങ്ങി ഒട്ടേറെ പേര്‍ കണ്മുന്നിലൂടെ നടന്നുനീങ്ങുന്നത് ദിവസവും രാകേഷ് കാണുന്നുണ്ട്.
പക്ഷേ ലോഹദണ്ഡ് സമ്മാനിച്ച വേദന കാലിലെ മാംസപേശികളെ തളര്‍ത്തുകയാണ്. കുറച്ചുദൂരം നടന്നാല്‍ത്തന്നെ കാല്‍ നീരുവന്നു വീര്‍ക്കുന്ന അവസ്ഥയാണ്. ബിഹാറില്‍നിന്നുള്ള ചിലര്‍ കഴിഞ്ഞ ദിവസം വീട്ടിലേക്കു പോയപ്പോള്‍ ഒപ്പം വരാന്‍ വിളിച്ചതാണ്. 'പക്ഷേ കൂടെ പോയാല്‍ അവരുടെ യാത്ര കൂടി ഞാന്‍ കാരണം പതിയെയാകും എന്നും രാകേഷ് പറയുന്നു. രാകേഷിനെ പോലെ കൂടണയാന്‍ ശ്രമിക്കുന്നവര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിന്‍ സര്‍വീസ് റദ്ദാക്കി എന്നറിഞ്ഞാണ് ദുഃഖം അണപൊട്ടി അത് രോഷത്തിലേക്ക് കലാശിച്ചത് .ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും തെരുവില്‍ അലയേണ്ട ദയനീയ അവസ്ഥ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha























