ഉംപുന്‍ ചുഴലിക്കാറ്റ് ഭീകരനാകുന്നു; എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന സൂപ്പര്‍ സൈക്ലോണ്‍ ഉംപുണ്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രാലയത്തിലെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും യോഗത്തിനുശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. അവശ്യഘട്ടത്തില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് ഉംപുണ്‍ കാറ്റിന്റെ വേഗം. അതി തീവ്ര ചുഴലിക്കാറ്റായി നാളെ ഉച്ചയോടെ ഉംപുണ്‍ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ ആവും കരയിലേക്ക് പ്രവേശിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.
നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് കിഴക്ക് ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത കാറ്റ് വീശുകയാണ്. കടല്‍ക്ഷോഭവും തുടങ്ങി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.
ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയില്‍ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.
https://www.facebook.com/Malayalivartha























