പുണെയിലെ സാസൂണ്‍ ആശുപത്രിയില്‍ പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് ഭേദപ്പെട്ടു

പുണെയിലെ സാസൂണ്‍ ആശുപത്രിയില്‍ പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് രോഗി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ആദ്യമായി കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി നടത്തി വിജയിച്ചെന്നും രോഗിക്ക് മേയ് 10-നും 11-നും 200 എംഎല്‍ വീതം പ്ലാസ്മയാണ് നല്‍കിയതെന്നും സാസൂണ്‍ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫലം നെഗറ്റീവ് ആയതിനുപിന്നാലെ കോവിഡ് വാര്‍ഡില്‍നിന്നു രോഗിയെ മാറ്റിയിട്ടുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്നും സാസൂണ്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.
പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും. കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും.
രോഗം ഭേദമായ ഒരാള്‍ക്ക് വീണ്ടും വൈറസ് ബാധിച്ചാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുള്ള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്നു രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha