അദ്വാനി രാജി പിന്‍വലിച്ചു, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് തന്റെ അനുമതി വേണം, തെരഞ്ഞെടുപ്പുവരെ നൂറു സമ്മതം,പിന്നെ സാക്ഷാല്‍ മോഡിയെ ആരെതിര്ക്കാനാ
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി നേതാവ് എല്‍കെ അദ്വാനി രാജി പിന്‍വലിച്ചു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതില്‍ എതിര്‍പ്പില്ല. പക്ഷേ അദ്വാനിയുടെ അനുമതിയോടെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാവൂ. അതംഗീകരിച്ചു കൊടുക്കാന്‍ ബിജെപിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാരണം ഉടന്‍ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കണമെന്നില്ലല്ലോ. തെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷം ബിജെപിക്ക് കിട്ടിയാല്‍ തീര്‍ച്ചയായും അത് നരേന്ദ്ര മോഡിയുടെ വിജയമാകും. അപ്പോള്‍ സ്വാഭാവികമായും നരേന്ദ്ര മോഡിയെ ആരെതിര്‍ക്കാന്‍. ആ സമയത്ത് അദ്വാനി തന്നെ എതിര്‍ത്താലും എന്തു ഫലം. തെരഞ്ഞെടുപ്പു കഴിഞ്ഞില്ലേ ഇനിയെന്ത് സ്വാധീനിക്കാന്‍.
അദ്വാനി രാജി പിന്‍വലിച്ചെന്ന കാര്യം ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അഭ്യര്ഥനയെത്തുടര്ന്നാണ് അദ്വാനി ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി നേതാക്കളായ സുഷമ സ്വരാജ്, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, ജസ്വന്ത് സിംഗ്, പ്രകാശ് ജാവദേക്കര്‍ എന്നിവരും അദ്വാനിയുടെ വസതിയില്‍ എത്തി അനുനയന ശ്രമം നടത്തിയിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന നേതാവ് എല്‍ .കെ അദ്വാനി കഴിഞ്ഞ ദിവസം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്. പാര്‍ട്ടിനേതാക്കളെയും അണികളെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയില്‍നിന്നാണ് അദ്വാനി രാജിവെച്ചത്.
പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് വ്യക്തിപരമായ അജന്‍ഡകളിലാണ് താത്പര്യമെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഒരു പേജുള്ള രാജിക്കത്ത്.
https://www.facebook.com/Malayalivartha