തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് വീട്ടിൽ സതീശൻ (46) മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഏപ്രിൽ 21നുണ്ടായ അപകടത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു സതീശൻ. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്.
13 വർഷമായി തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ 12 വരെ മുണ്ടത്തിക്കോട് ഡി.വി.എം.എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പ്രിജിയാണ് ഭാര്യ. മക്കൾ: സ്‌നേഹ, നവമി. അമ്മ: കമലാക്ഷി. മുണ്ടത്തിക്കോട് ബാബു (57), രാജേഷ്, വിഷ്ണു (30) എന്നിവർ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലാണ്.
അതേസമയം അപകട പ്രദേശത്ത് ഇന്നലെ പൊലീസ്, ഫയർ ഫോഴ്‌സ്, റവന്യൂ വകുപ്പുകൾ നടത്തിയ തെരച്ചിലിൽ ഒരു കൈപ്പത്തിയും തലയോട്ടിയുടെ ഭാഗവും കണ്ടെത്തി. കഡാവർ നായകളെ എത്തിച്ച് നടത്തിയ തെരച്ചിൽ നിർത്തിയിരുന്നു. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് വൈകുന്നേരം അറിയാനാകും.
"https://www.facebook.com/Malayalivartha























