കൈയേറിയത് 60 വർഷം മുമ്പ് ചൈന വരച്ച അതിർത്തി ; മറികടന്നത് 423 മീറ്റർ; സമവായം മറികടന്നും ചൈനയുടെ കൈയേറ്റം; ഗൽവാനിൽ കൈയേറ്റം അര കിലോ മീറ്ററിൽ

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനയുടെ സൈന്യം ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചുകയറിയത് 423 മീറ്റർ എന്ന് റിപ്പോർട്ടുകൾ . 1960ൽ ചൈന അവരുടേതെന്ന് അവകാശപ്പെട്ട അതിർത്തിയുടെ രേഖയും മറികടന്നുള്ളതാണ് അര കിലോമീറ്ററോളം വരുന്ന കൈയേറ്റം. ഗൽവാൻ നദീതീരത്ത് ചൈന നേരത്തേ വരച്ച അതിർത്തിയുടെ വടക്കു ഭാഗത്തേക്കാണ് പുതിയ തള്ളിക്കയറ്റം. അര കിലോമീറ്ററോളം തള്ളിക്കയറിയ ചൈനീസ് സേന ഇത്രയും ഭാഗത്ത് കെട്ടിയത് 16 കൂടാരങ്ങൾ, ഒരു വലിയ ഷെൽട്ടർ. ഒരു ഡസനിലേറെ വാഹനങ്ങളും ഈ കൈയേറ്റ സ്ഥലത്തുണ്ട്. ഉയർന്ന കൃത്യതയുള്ള ഉപഗ്രഹ ചിത്രങ്ങളാണ് ഈ കൈയേറ്റത്തിന്റെ വിശദാംശങ്ങൾ ഇത്രകൃത്യമായി ലഭ്യമാക്കിയത്.
യഥാർഥ നിയന്ത്രണരേഖക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകുകയാണ് ചൈനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ സേന ജാഗ്രത പാലിക്കുന്നുണ്ട്. പോർവിമാനങ്ങൾ അതിർത്തി മേഖലയിൽ പറക്കുന്നുണ്ട്. അതിർത്തി കാവലുള്ള ജവാന്മാരെ സഹായിക്കാൻ കൂടുതൽ ഐ.ടി.ബി.പി ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിലേക്ക് നോട്ടമിട്ടവർക്ക് സേന തക്ക മറുപടി നൽകിയെന്നാണ് ഞായറാഴ്ച മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് അവകാശപ്പെട്ടത്.
പരസ്പരം ഉരസൽ നിലവിലുള്ള മേഖലകളിൽനിന്നെല്ലാം പിൻവലിയാമെന്ന ഇന്ത്യ-ചൈന കമാൻഡർതല ചർച്ചകളിലെ ധാരണ മറികടന്ന് ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) താഴ്വരയിൽ സന്നാഹങ്ങൾ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും മൂന്നാം വട്ട ചർച്ചക്ക് തയ്യാറെടുക്കുകയാണ് . അതിസംഘർഷ മേഖലകളിൽനിന്നെല്ലാം പിൻവലിയാമെന്ന് ചർച്ചകളിൽ ധാരണ ആയെങ്കിലും അതെല്ലാം അവഗണിച്ച് പി.എൽ.എ സന്നാഹങ്ങൾ ഗൽവാൻ താഴ്വരയിൽ തുടരുകയാണെന്ന്, ഉപഗ്രഹ ചിത്രങ്ങൾ അപഗ്രഥിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്ലാനറ്റ് ലാബ്സ് സാറ്റലൈറ്റ്സ് പുറത്തുവിട്ട ചിത്രങ്ങൾ അപഗ്രഥിച്ചാണ് റിപ്പോർട്ട്.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തിൽ ചൊവ്വാഴ്ച ഇന്ത്യ-ചൈന മൂന്നാംവട്ട ലഫ്റ്റ്നൻറ് തല ചർച്ച നടക്കുമെന്നാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കിയത്. യഥാർഥ നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഭാഗമായ ചുശൂൽ സെക്ടറിൽ ചൊവ്വാഴ്ച രാവിലെ 10.30നായിരിക്കും സംഭാഷണം നടക്കുക. ‘പരസ്പരം ഉരസൽ നിലനിൽക്കുന്ന’ പ്രദേശങ്ങളിൽനിന്ന് ഉഭയകക്ഷി സമവായത്തിൽ പിൻവാങ്ങാമെന്നായിരുന്നു, ജൂൺ 22ന് നടന്ന ചർച്ചയിൽ തീരുമാനമായിരുന്നത്. ജൂൺ ആറിനു നടന്ന ആദ്യ ചർച്ചയിൽ തീരുമാനത്തിലെത്തിയ കാര്യങ്ങൾ നടപ്പിൽവരുത്തുകയാണ് മൂന്നാംവട്ട ചർച്ചയുടെ ലക്ഷ്യമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
കൈയേറിയ പ്രദേശങ്ങളിൽനിന്ന് ചൈന തെല്ലും പിൻമാറിയിട്ടില്ല എന്ന് ഉപഗ്രഹ ചിത്രങ്ങൾ സഹിതം കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ, ഗൽവാൻ താഴ്വരയിൽ ചൈന നിർമിച്ച താൽക്കാലിക റോഡും ടെന്റുകളും ഗൽവാൻ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha