കുവൈത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍, ഇറാന്‍, ബംഗ്ലദേശ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്ത് താത്കാലിക യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍, ഇറാന്‍, ബംഗ്ലദേശ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഇവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാനോ രാജ്യം വിടാനോ ഇപ്പോള്‍ അനുമതി നല്‍കില്ല.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കുണ്ടാകുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ ആണ് ട്വിറ്ററില്‍ അറിയിച്ചത്. നിര്‍ത്തിവച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ നാളെ കുവൈത്ത് പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം.
എന്നാല്‍, കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ കോവിഡ് പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അതിനാല്‍ വിലക്ക് ഏതാനും ദിവസത്തേക്ക് മാത്രമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ 55 ലാബുകളും പട്ടികയിലുണ്ട്. പുറപ്പെടുന്നതിനു 96 മണിക്കൂറിനിടെ കിട്ടിയതായിരിക്കണം സര്‍ട്ടിഫിക്കറ്റ്.
ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും യാത്രാവിലക്ക് താല്‍ക്കാലികം മാത്രമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു. വൈകാതെ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. അതേസമയം, വന്ദേ ഭാരത് മിഷന്റെ ഭാഗമായ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ഹോങ്കോങ് വിലക്കി.
https://www.facebook.com/Malayalivartha























