ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കൾക്ക് പുതുജീവിതവുമായി ഗൗതം ഗംഭീര്‍; പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കും

ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് സഹായവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍. 'PAANKH' എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കും.
സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം താന്‍ നല്‍കുകയാണ്. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും.
ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് ശ്രമം. അഞ്ചു മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 200 കുട്ടികളെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്നുണ്ട്.
ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ലോക്സഭാംഗമാണ് ഗംഭീര്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് വര്‍ഷത്തെ ശമ്ബളം ഗംഭീര്‍ പിഎം- കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു. ഇതിനു പുറമെ ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലേക്ക് 1000 പി.പി.ഇ കിറ്റുകളും സംഭാവന നല്‍കി. 2018 ഡിസംബറിലാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.
https://www.facebook.com/Malayalivartha























