കോണ്‍ഗ്രസും രാമക്ഷേത്രവും; രാജീവ് ഗാന്ധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കപ്പെടണമെന്ന് ആഗ്രഹിച്ചോ; 1986 യില്‍ രാജീവ് എന്തിന് വേണ്ടിയാണ് ആ തീരുമാനം എടുത്തത്? കോണ്‍ഗ്രസിന്റെ മൃതുഹിന്ദുത്വ നിലപാട് ഉത്തരേന്ത്യയില്‍ വോട്ടു പിടിക്കുന്നു

കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ പയറ്റുന്ന തന്ത്രമാണ് മൃതുഹിന്ദുത്വം. ഇതിന്റെ ചുവടു പിടിച്ചുതന്നെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതും. അതിന് പിന്നാലെ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്ന കമല്‍നാഥ് സര്‍ക്കാര്‍ ഗോവധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ഏറെ വിവാദങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതൊന്നും പഴകഥകളല്ലെന്ന് അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ നോക്കിയാല്‍ മനസിലാക്കാവുന്നതെയുള്ളു. പക്ഷേ ഇതിനെ ബി.ജെ.പി നേതാക്കള്‍ക്ക് ഇഷ്ടം ചുവട് മാറ്റമൊന്നുവിളിക്കാനാണ്. എന്നാല്‍ ഇതാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ കുത്തകയായി ഹിന്ദുത്വ വോട്ടുകളില്‍ പങ്കുപറ്റാന്‍ എല്ലാ കാലത്തും കോണ്‍ഗ്രസുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് മാത്രം.
അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞിരുന്നു. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ക്ഷേത്രനിര്‍മാണം പുരോഗമിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്നും കമല്‍നാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ കമല്‍നാഥിനെക്കാള്‍ ഒരു പടികൂടി കടന്നാണ് ദിഗ്വിജയ് സിങ്ങിന്റെ പ്രസ്ഥാവന. രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു. 'ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമന്‍ ജനിച്ച അയോധ്യയില്‍ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നു' സിങ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഭൂമിപൂജാ ചടങ്ങ് ഓഗസ്റ്റ് അഞ്ചില്‍ നടത്തുന്നതിനെ സിങ് വിമര്‍ശിച്ചു. ഹിന്ദു വിശ്വാസപ്രകാരം മുഹൂര്‍ത്തമില്ലാത്ത ദിവസം ചടങ്ങ് നടത്തുന്നതിലൂടെ വിശ്വാസങ്ങളും മതപരമായ വികാരങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സിങ് ആരോപിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് മുന്‍പും സ്വാഗതം ചെയ്തിരുന്നുവെന്നും ഇന്നും സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ പറഞ്ഞത്.
എന്നാല്‍, ക്ഷേത്രനിര്‍മാണം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിങ്ങിന് മറുപടിയായി മുതിര്‍ന്ന ബി.ജെ.പി. നേതാവ് നരോത്തം മിശ്ര പറഞ്ഞു. രാമന്‍ സാങ്കല്പിക കഥാപാത്രമാണെന്നു പറഞ്ഞ് കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ രാമനുവേണ്ടി സംസാരിക്കുന്നതായും മിശ്ര പരിഹസിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍ ഇരിക്കെയാണ് കോണ്‍ഗ്രസിന്റെ നയം വ്യക്തമാക്കല്‍. എന്നാല്‍ ഇത് സമ്മതിച്ചുകൊടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറല്ല. കോണ്‍ഗ്രസിന്റെ സിനിയര്‍ നേതാവ് കബില്‍ സിബിലാണ് അയോധ്യയിലെ രാം ജന്മഭൂമിയുടെ സാധ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ വാദിച്ചത്. അവര്‍ തന്നെയാണ് ഇപ്പോള്‍ വലിയ ശ്രീരാമഭക്തരായി മാറിരിക്കുന്നതെന്നും ഇത് ജനം തിരിച്ചറിയുമെന്നും ബി.ജെ.പി വക്താവ് രജനീഷ് അഗ്രവാള്‍ പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും രാജീവ് ഗാന്ധിയും അയോധ്യയും തമ്മിലുള്ള ബന്ധമെന്ന ചോദ്യവും ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. 1986 ഫെബ്രുവരി ഒന്നിന് മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയായിരുന്നു. 1980കളില്‍ അയോധ്യ ഉയര്‍ത്തിക്കാട്ടി വിശ്വഹിന്ദു പരിഷത് പുതിയ പ്രക്ഷോഭം തുടങ്ങി. മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയെണമെന്നായിരുന്നു ആവശ്യം. വിശ്വഹിന്ദു പരിഷത്തിന് പുറമെ ആര്‍എസ് എസ്സും ആവശ്യം ശക്തമാക്കി. 1980ല്‍ ജനസംഘം ബിജെപിയായി മാറി. അയോധ്യയെ ബിജെപി രാഷ്ട്രീയമേധാവിത്വത്തിനുള്ള ആയുധമാക്കി. ബാബറി മസ്ജിദ്അയോധ്യാ തര്‍ക്കത്തിന്റെ പ്രത്യക്ഷരാഷ്ട്രീയ മുഖമായി ബിജെപി മാറി. ഇതിനിടെ രാഷ്ട്രീയ നിലനില്‍പ്പനായി രാജീവ് ഗാന്ധി മസ്ജീദ് ഹിന്ദുകള്‍ക്ക് ആരാധനക്കായി തുറന്നുകൊടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha























