ഒടുവില്‍ അവര്‍ക്കും ക്ഷണം ലഭിച്ചു; എല്‍.കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ഭൂമി പൂജയില്‍ പങ്കെടുക്കും; വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഇരുവരും പങ്കെടുക്കുക

ഒരു പക്ഷേ അഡ്വാനിയുടെ രഥയാത്രയുണ്ടായില്ലായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയോ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സാധ്യതയും ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ഭൂമിപൂജ ചടങ്ങിലേക്ക് എല്‍.കെ അഡ്വാനിയെ ക്ഷണിക്കാതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാ ഇപ്പോള്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ഇരുവരെയും ചടങ്ങില്‍ ക്ഷണിക്കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് ഭൂമിപൂജ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോഴും രാമജന്‍മഭൂമി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്ന എല്‍ കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്്റ്റ് ഫോണിലൂടെ ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരു നേതാക്കളും നേരിട്ട് അയോധ്യയില്‍ പോയി ചടങ്ങില്‍ സംബന്ധിക്കില്ല എന്നാണ് വിവരം. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബാബാറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ അഡ്വാനിയും ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച ലഖ്്‌നൗവിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഡ്വാനി, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha























