ലോക്ക് ഡൗണിൽ വീട്ടിലെത്തിയ പതിനാറുകാരിയെ മാതൃസഹോദരിയും കാമുകനും ചേർന്ന് പീഡിപ്പിച്ചതായി പരാതി

ലോക്ക് ഡൗണിനിടെ പതിനാറുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് മാതൃസഹോദരിയും കാമുകനും അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലിൽ കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെയാണ് സംഭവം.
കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ സ്ത്രീയ്ക്കും കാമുകനുമെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. അതേസമയം ഏപ്രിലിൽ ലോക്ക് ഡൗൺ കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്നും, പ്രതികൾ കുറ്റം സമ്മതിച്ചതായും കോന്ധ്വ പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിനായക് ഗെയ്ക്വാഡ് പറഞ്ഞു.
നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പരാതിക്കാരി കഴിഞ്ഞ ഏപ്രിലിൽ തന്റെ നാല് മക്കളെ ഉന്ദ്രിയിലെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ കാലയളവിലാണ് സഹോദരിയുടെ കാമുകൻ ആ വീട്ടിലെത്തിയത്. തുടർന്ന് യുവതിയും കാമുകനും ചേർന്ന് കുട്ടിയെ അശ്ലീല ക്ലിപ്പുകൾ കാണിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൗമാരക്കാരി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞത്. ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും പൊലീസ് പറഞ്ഞു. ചികിത്സയ്ക്കായി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha