നീറ്റില്‍ തോറ്റ വിദ്യാര്‍ഥിക്ക് പുനഃപരിശോധനയില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ രാജ്യത്തെ ഒന്നാം റാങ്ക്

മെഡിക്കല്‍ പ്രവേശനപരീക്ഷ നീറ്റിന്റെ ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ സവായ് മാധോപുര്‍ സ്വദേശിയായ മൃദുല്‍ റാവത്ത് തോറ്റതായാണ് കണ്ടത്. മൃദുല്‍ റാവത്ത് ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ ഫലം ചോദ്യം ചെയ്ത് എന്‍ടിഎയ്ക്കു (നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി) ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് പുനഃപരിശോധന നടത്തി. പുനഃപരിശോധനയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ രാജ്യത്തെ ഒന്നാം റാങ്ക്!
ആദ്യം 720-ല്‍ 329 മാര്‍ക്ക് മാത്രം ലഭിച്ച മൃദുലിനു പുനഃപരിശോധനയില്‍ 650 മാര്‍ക്കായി. ദേശീയ തലത്തില്‍ 3577-ാം റാങ്ക്. എന്നാല്‍ ഇതനുസരിച്ചുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് എന്‍ടിഎ ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല.
നീറ്റ് ഫലവുമായി ബന്ധപ്പെട്ട് എന്‍ടിഎയ്‌ക്കെതിരെ ആക്ഷേപവുമായി വേറെയും വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ വസുന്ധര ബോജ്‌നെയ്ക്കു പൂജ്യം മാര്‍ക്കാണു ലഭിച്ചത്. 600 മാര്‍ക്ക് ലഭിക്കേണ്ടിയിരുന്നുവെന്നും പുനര്‍മൂല്യനിര്‍ണയം വേണമെന്നും വാദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. 212 മാര്‍ക്കുള്ള മറ്റൊരു വിദ്യാര്‍ഥിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























