ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം; ടൂറിസം നിയന്ത്രണങ്ങള്‍ തുടരും
ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 8 മാസമായി മരവിപ്പിച്ചിരുന്ന വീസകള്‍ വീണ്ടും പ്രാബല്യത്തിലായി. ടൂറിസം ഒഴികെ, ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇ-വീസയും ടൂറിസ്റ്റ്, മെഡിക്കല്‍ വീസകളും ഒഴികെയുള്ളവ വീണ്ടും പ്രാബല്യത്തിലായി. വീസ കാലാവധി കഴിഞ്ഞെങ്കില്‍ പുതിയതിന് അപേക്ഷിക്കാം.
വിദേശികള്‍ക്കും ഒസിഐ, പിഐഒ കാര്‍ഡുകളുള്ളവര്‍ക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിന് നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ്, കോണ്‍ഫറന്‍സ്, തൊഴില്‍, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കാനാണ് നടപടി.
ചികിത്സയ്ക്ക് എത്തുന്നവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇവരുടെ സഹായികള്‍ക്കും വീസ അനുവദിക്കും. യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണ്.
വിദേശ പൗരത്വമുള്ളവര്‍ക്കു നല്കുന്ന ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡിന് അര്‍ഹതയുള്ളവരെ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്: 1950 ജനുവരി 26-നോ ശേഷമോ ഇന്ത്യന്‍ പൗരത്വമുണ്ടായിരുന്ന വിദേശി (പാക്കിസ്ഥാന്, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെ),1950 ജനുവരി 26നു ശേഷം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടായിരുന്ന വിദേശി,1947 ഓഗസ്റ്റ് 15-ന് ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുനിന്നുള്ള വ്യക്തി, മേല്പറഞ്ഞ ഗണത്തില്‍പെടുന്നവരുടെ മക്കളും കൊച്ചുമക്കളും,ഇന്ത്യന്‍ പൗരത്വമുള്ള മാതാവോ പിതാവോ ഉള്ള കുട്ടി, ഇന്ത്യന്‍ പൗരത്വമോ ഒസിഐ കാര്‍ഡോ ഉള്ള വ്യക്തിയുടെ വിദേശിയായ ജീവിതപങ്കാളി. വിവാഹം റജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം കഴിഞ്ഞ് അപേക്ഷിക്കാം. (പൗരത്വ നിയമത്തിന്റെ 7 എ വകുപ്പു പ്രകാരമാണ് ഒസിഐ കാര്‍ഡ് നല്‍കുന്നത്. ഇതുള്ളവര്‍ക്ക് ആജീവനാന്ത ഇന്ത്യന്‍ വീസയാണു ലഭിക്കുന്നത്.), പഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന് അര്‍ഹതയുള്ളത്: വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍.
ഇന്ത്യയും ജര്‍മനിയും വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയിലെത്തി. എയര്‍ ഇന്ത്യയും ജര്‍മനിയുടെ ലുഫ്താന്‍സയും ഇരുഭാഗത്തേക്കും സര്‍വീസ് ആരംഭിച്ചു. ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തും; ഇവിടങ്ങളിലേക്കു ലുഫ്താന്‍സ 10 സര്‍വീസുകളും. ലുഫ്താന്‍സയുടെ ആദ്യ വിമാനം ബുധനാഴ്ച ബെംഗളൂരുവില്‍ ഇറങ്ങി. എയര്‍ ഇന്ത്യ വിമാനം ഇന്നലെ രാത്രി മുംബൈയില്‍ നിന്നു ഫ്രാങ്ക്ഫര്‍ട്ടിലേക്കു പുറപ്പെട്ടു. മുന്‍പുണ്ടാക്കിയ ധാരണയിലെ പൊരുത്തക്കേടുകള്‍ മൂലം സര്‍വീസ് അടുത്തിടെ നിര്‍ത്തിവച്ചിരുന്നു.
നിലവില്‍ പുതിയ വീസയുള്ള വിദേശികള്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാനാകില്ലെന്നു വിമാനക്കമ്പനികള്‍. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ മുന്നറിയിപ്പ്. താമസ, തൊഴില്‍ വീസയുള്ളവര്‍ക്കും വീസ പുതുക്കിയവര്‍ക്കും യാത്ര അനുവദിക്കും. യാത്രക്കാര്‍ക്കു റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധം.
https://www.facebook.com/Malayalivartha