പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണപരിപാടികളോട് അനുബന്ധിച്ചുള്ള റോഡ്ഷോയുടെ ഭാഗമായി കഴിഞ്ഞ സായാഹ്നം ഹൗറ പാലത്തിലായിരുന്നു എന്നും ഇന്ന് ഹൂഗ്ലി നദിയിൽ നിന്ന് അത് കണ്ടുവെന്നും പ്രധാനമന്ത്രി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.
ഏകദേശം 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പ്രധാനമന്ത്രി ഹൂഗ്ലി നദിയിൽ വർണ്ണാഭമായ തോണിയിൽ ഇരിക്കുന്നതും മങ്ങിയ പശ്ചാത്തലത്തിൽ ചരക്ക് കപ്പലുകൾ കാണുന്നതും ക്യാമറ ഉപയോഗിച്ച് തന്റെ ഫോട്ടോഗ്രാഫി കഴിവുകൾ പരീക്ഷിക്കുന്നതും കാണാനാകും.
"ഓരോ ബംഗാളിക്കും ഗംഗ ഏറെ വിശിഷ്ടമാണ്. ഗംഗ ബംഗാളിന്റെ ആത്മാവിലൂടെയാണ് ഒഴുകുന്നതെന്ന് പറയാം. ദിവ്യമായ ഗംഗാജലം ഒരു സംസ്കാരത്തിന്റെ മുഴുവൻ ചൈതന്യവും വഹിക്കുന്നു."
"ഇന്ന് രാവിലെ കൊൽക്കത്തയിൽ, ഹൂഗ്ലി നദിയുടെ തീരത്ത് ഞാൻ കുറച്ച് സമയം ചിലവഴിച്ചു, ഗംഗാമാതാവിന് നന്ദി അറിയിക്കാനുള്ള അവസരം ലഭിച്ചു. തോണിത്തൊഴിലാളികളെയും അവരുടെ കഠിനാധ്വാനത്തെയും പ്രഭാതനടത്തിലേർപ്പെട്ടവരെ കാണാനും എനിക്ക് അവസരം ലഭിച്ചു," പ്രധാനമന്ത്രി മോദി കുറിച്ചു.
"ഹൂഗ്ലിയിൽ, പശ്ചിമ ബംഗാളിന്റെ വികസനത്തിനും മഹത്തായ ബംഗാളി ജനതയുടെ സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞാൻ ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു." മോദി കൂട്ടിച്ചേർത്തു. ഗംഗയെ പകർത്താൻ താൻ ഫോട്ടോഗ്രാഫി പരീക്ഷിച്ചതായും പ്രധാനമന്ത്രി പങ്കുവെച്ചു.
https://www.facebook.com/Malayalivartha























