ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിൽ, വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ്, ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക പീഡനം

ഉത്തര്‍പ്രദേശില്‍ ഏവരെയും ഞെട്ടിച്ച് വീണ്ടും ക്രൂര ലൈംഗിക പീഡനം. 35കാരിയായ ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയാതായി റിപ്പോർട്ട്. ബദൗന്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
വീഡിയോ വ്യാപകമായ പ്രചരിച്ചതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതേതുടർന്ന് വ്യാഴാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടുകയുമായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. 15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികള്‍. ഇവരെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിൽ മുതിര്‍ന്ന ആറാമനെ ജയിലിലേക്ക് മാറ്റി. ക്രൂരമായ ലൈംഗിക പീഡനത്തിന് പിന്നാലെ യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളോട് കാര്യം വെളിപ്പെടുത്തിയിരുന്നു.
''ഇരയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളും സമീപവാസികളും പരസ്പരം അറിയുന്നവരുമാണ്. ഒക്ടോബറില്‍ യുവതിയെ പ്രതികള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണി മുഴക്കി.
വീഡിയോ പ്രചരിപ്പിക്കുമെന്ന പേടിയില്‍ മൗനം പാലിക്കുകയായിരുന്നു യുവതി. ബുധനാഴ്ച കേസിലെ 19 വയസുള്ള ആറാമന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ആറു പേരെയും അറസ്റ്റ് ചെയ്തു." - ബദൗന്‍ അഡീഷണല്‍ റൂറല്‍ എസ് പി സിദ്ധാര്‍ത്ഥ് വര്‍മ പറഞ്ഞു.
https://www.facebook.com/Malayalivartha


























