അധികാരം കൈയ്യിലുണ്ടേൽ എന്തും ആകാമെന്നാണോ..! യുവാവിന്റെ മുഖത്തടിച്ച കളക്ടറെ തെറിപ്പിച്ച് മുഖ്യമന്ത്രി...

ചില എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർക്ക് പൊതു ജനങ്ങളോട് എങ്ങനെ ഇടപെടണം എന്നോ , അടിസ്ഥാന മാനുഷിക പരിഗണന എന്താണ് എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത്. ഇത്തരക്കാരെ ഈ വിഷയത്തിൽ ചില പാഠങ്ങൾ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
സൈബർ സ്പേസിൽ കാട്ടുതീ പോലെ പടർന്നുപിടിച്ച "ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒരു യുവാവിനെ അടിക്കുകയും മൊബൈൽ ഫോൺ എറിയുകയും ചെയ്യുന്ന വീഡിയോയ്ക്ക്" ശേഷം സൂരജ്പൂർ ജില്ലാ കളക്ടർ രൺബീർ ശർമയ്ക്ക് പൊതുജനങ്ങളിൽ നിന്ന് അർഹിക്കുന്ന മറുപടികൾ തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംഭവത്തെ അപലപിക്കുകയും ജില്ലാ കളക്ടറെ ഉടൻ തന്നെ തൽസ്ഥാനത്തു നീക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു
ജന പ്രതിനിധി ആയാൽ ഇങ്ങനെ തന്നെയാണ് വേണ്ടത് . എല്ലാത്തിനും മുകളിൽ ജനം ആണെന്നും. ഭരിക്കുന്നത് ജനത്തിന് വേണ്ടി ആണെന്ന ബോധ്യവും വേണം. ഏതൊരു സാഹചര്യത്തിലും അന്തസ്സ് ഉയർത്തി പിടിക്കാൻ സാധാരണക്കാരനിൽ സാധാരണക്കാർക്ക് പോലും ഇവിടെ അവകാശം ഉണ്ടെന്ന ബോധ്യം വേണം.
പറഞ്ഞു വരുന്നത് ഛത്തീസ് ഗഡിലെ മുഖ്യ മന്ത്രിയെ പറ്റി ആണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ജില്ലാ കളക്ടർ ഒരു യുവാവിനെ പൊതു മദ്ധ്യത്തിൽ മുഖത്തടിച്ചതിനു മുഖ്യമന്ത്രി കൈ കൊണ്ട നടപടിയെ കുറിച്ച് ആണ്
ഈ ഒരു നടപടി കാണുമ്പോൾ ഓർമ്മ വരുന്നത് നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ തവണ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വക ആയി ഉണ്ടായ ഏത്തം ഇടീക്കൽ നടപടികൾ ആണ്. മാത്രമല്ല ഒരു മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന ആൾക്കാരും നമ്മുടെ നാട്ടിൽ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ആണ്, ഇത്തരം നടപടികളിൽ അറിയാതെയെങ്കിലും കയ്യടിച്ചു പോകുന്നത്
സൂരജ്പൂർ കളക്ടർ രൺബീർ ശർമ ഒരു യുവാവിനോട് മോശമായി പെരുമാറിയ കേസ് സോഷ്യൽ മീഡിയയിലൂടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണ്. ഛത്തീസ്‌ഗഢിൽ , അത്തരം ഒരു പ്രവൃത്തിയും ഒട്ടും അനുവദിക്കില്ല, ”ബാഗെൽ ട്വീറ്റ് ചെയ്തു.
ഒരു ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക ജീവിതത്തിൽ അത്തരം പെരുമാറ്റം സ്വീകാര്യമല്ല. ഈ സംഭവത്തിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്. യുവാവിനോടും കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ശർമയ്ക്ക് പകരം ഐ എ എസ് ഓഫീസർ ആയ ഗൗരവ് കുമാർ സിംഗ് സുരാജ്പുർ ജില്ലയിൽ പുതിയ കളക്ടർ ആയി സ്ഥാനമേറ്റെടുത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, യുവാവ് തന്റെ മൊബൈൽ ഫോണും ഒരു കടലാസും മറ്റും കാണിക്കുന്നത് കാണാം. ഇതിനെ തുർന്ന് ഓഫീസർ മൊബൈൽ ഫോൺ ശക്തിയായി താഴേക്ക് വലിച്ചെറിയുന്നതായും കാണാം.
തുടർന്ന് ഓഫീസർ യുവാവിന്റെ മുഖത്ത് ശക്തിയായി അടിക്കുന്നതും നമുക്ക് കാണാം . ഒരു പക്ഷെ യുവാവിന്റെ ഭാഗത്ത് തെറ്റുണ്ടായിരിക്കാം, ഇല്ലാതിരിക്കാം. എന്ത് തന്നെ ആയാലും നിയമം പരിപാലിക്കേണ്ട ഉദ്യോഗസ്ഥൻ ഒരു വ്യക്തിയോട് ചെയ്യാൻ പാടില്ലാത്തത് ആണിത്.
അയാളെ തല്ലിച്ചതച്ചതിനു ശേഷം സംഭവസ്ഥലത്തേക്ക് ഓടിക്കയറുന്ന രണ്ട് പോലീസുകാരെ വീണ്ടും യുവാവിനെ മർദിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഐ എ എസ് ഓഫീസർ ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കൂടി വൈറൽ ആവുകയുണ്ടായി.
ഇതേ തുടർന്ന് കടുത്ത വിമർശനങ്ങൾ ആണ് ഓഫീസർ നേരിടേണ്ടി വന്നത്. യുവാവിനെ ശാരീരികമായി ആക്രമിച്ചതിന് ഗുരുതരമായ വിമർശനങ്ങൾ നേരിട്ടതിന് ശേഷം ഒടുവിൽ ഐ എ എസ് ഓഫീസർ മാപ്പു പറയുകയുണ്ടായി.
എന്നാൽ വൈറലായ വീഡിയോയിലുള്ളയാൾ ഉദ്യോഗസ്ഥരോട് കള്ളം പറയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതാണ് തന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് ഓഫീസർ പറയുന്നത്. എന്നാൽ പ്രചരിക്കുന്ന വിഡിയോയിൽ അത്തരത്തിൽ ഒരു സംഭവവും നമുക്ക് കാണാൻ സാധിക്കുന്നില്ല. വിമർശനങ്ങൾ എട്ടു വാങ്ങിയതിന് ശേഷം പുറത്തിറക്കിയ ലൈവ് വീഡിയോ യിൽ ഉദ്യോഗസ്ഥൻ പറയുന്നത് ഇപ്രകാരം ആണ്.
"ഇന്ന് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് , അതിൽ ലോക്ക് ഡൌൺ സമയത്ത് പുറത്ത് പോയ ഒരാളെ ഞാൻ അടിക്കുന്നത് ആണ് കാണിക്കുന്നത് . താൻ പ്രതിരോധ കുത്തിവയ്പ്പിന് പോവുകയാണ് എന്നാണ് അയാൾ ആദ്യം പറഞ്ഞത് എന്നാൽ തന്റെ അവകാശവാദത്തെ ന്യായീകരിക്കാൻ ഒരു രേഖകളും അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. . പിന്നീട് മുത്തശ്ശിയെ കാണാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അയാൾ മോശമായി പെരുമാറിയ നിമിഷത്തിന്റെ ചൂടിൽ ഞാൻ അവനെ അടിച്ചു, ”
തന്റെ പെരുമാറ്റത്തിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തിയെ അവഹേളിക്കുകയെന്നത് ഒരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും അങ്ങേയറ്റം ബുദ്ധിമുട്ടിൽ ആണ് എന്നത് സത്യമാണ് . കോവിഡും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ,ഉയർന്നു വരുന്ന മരണ നിരക്കും ഒരു വശത്ത്. ജോലി സംബന്ധവും നിത്യ ജീവിതമായി ബന്ധപ്പെട്ട വിഷയങ്ങളും ഒരു വശത്ത്.
ഒരു പക്ഷെ നമ്മളോളം അല്ലെങ്കിൽ നമ്മളെക്കാൾ അധികം ബുദ്ധിമുട്ടിൽ ആണ് നിയമം പരിപാലിക്കേണ്ട ഉദ്യോഗസ്ഥർ. കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാതെ നിയമ പാലകർക്ക് തലവേദന വരുത്തുന്നവരും ഉണ്ട് , കിട്ടിയ അധികാരം പാവങ്ങൾക്ക് നേരെ ദുർവിനിയോഗം ചെയ്യുന്നവരും ഉണ്ട്.
ഇതിൽ ഏതായാലും ഒരു ജനാധിപത്യത്തിൽ പൗരൻ എന്ന നിലയിൽ നമുക്കോരോരുത്തർക്കും ലഭിക്കേണ്ട മിനിമം അന്തസ്സ് ഉണ്ട് , അത് ആരുടേയും ഔദാര്യം അല്ല, ഒരു ജനാധിപത്യ രാജ്യത്തിലെ പൗരൻ എന്ന നിലക്ക് നമ്മൾ ഓരോരുത്തരുടെയും അവകാശം ആണ്.
https://www.facebook.com/Malayalivartha

























