കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കി വാട്ട്സ്‌ആപ്പ്; പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല

പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്സ്‌ആപ്പ്. ഐ.ടി മന്ത്രാലയത്തിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ സ്വകാര്യത നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം വാട്ട്സ്‌ആപ്പിന് നോട്ടീസ് അയച്ചിരുന്നു.
മേയ് പതിനഞ്ചോടെ പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ അക്കൗണ്ട് നഷ്ടപ്പെടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
പകരം ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കി കൊണ്ടിരിക്കാനും കാലാകാലങ്ങളില്‍ അവരെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കാനുമാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു.
ഐ.ടി മന്ത്രാലയം തങ്ങള്‍ അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ മേയ് 25 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇക്കാലയളവില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ വാട്ട്സ്‌ആപ്പിനെതിരെ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യതയുടെയും വിവര സുരക്ഷയുടെയും മൂല്യങ്ങള്‍ക്ക് വിലനല്‍കാത്തതാണ് പുതിയ നയം എന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























