ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിയ ബാര്‍ജിലെയും ടഗ് ബോട്ടിലെയും മുഴുവന്‍ മൃതദേഹങ്ങളും വീണ്ടെടുത്തു... മലയാളികളുടെ എണ്ണം എട്ട് ആയി, ടഗ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങള്‍

ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിയ ബാര്‍ജിലെയും ടഗ് ബോട്ടിലെയും മുഴുവന്‍ മൃതദേഹങ്ങളും വീണ്ടെടുത്തു. ടഗ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു.
ഒരുമൃതദേഹംകൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി. കടലില്‍ മുങ്ങിപ്പോയ പി-305 ബാര്‍ജിന്റെയും വരപ്രദ എന്ന ടഗ് ബോട്ടിന്റെയും സമീപത്തുനിന്ന് 70 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
മഹാരാഷ്ട്രയിലെ റായ്ഗഢ്, ഗുജറാത്തിലെ വല്‍സാഡ് തീരങ്ങളില്‍നിന്ന് 16 മൃതദേഹങ്ങള്‍ കിട്ടി. 86 മൃതദേഹങ്ങളും കിട്ടിയെങ്കിലും തീരത്തടിഞ്ഞവയില്‍ ചിലത് തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഔദ്യോഗിക മരണസംഖ്യ ഇപ്പോഴും 70 ആയാണ് കണക്കാക്കുന്നത്.
പത്തനംതിട്ട, അടൂര്‍ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് ബന്ധുക്കള്‍ തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. നാവികസേനയുടെ ഐ.എന്‍.എസ്. മകര്‍ എന്ന കപ്പലിലെ മുങ്ങല്‍ വിദഗ്ധര്‍ സൈഡ് സ്‌കാന്‍ സോണാര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പി-305 ബാര്‍ജും വരപ്രദ ടഗും കടലിനടിയില്‍ കണ്ടെത്തിയത്.
അപകടത്തില്‍പ്പെട്ട ബാര്‍ജില്‍ 261 ജീവനക്കാരും ടഗില്‍ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ടഗിലെ രണ്ടുപേര്‍ ഉള്‍പ്പെടെ 188 പേരെ നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
രക്ഷപ്പെട്ടവരില്‍ ഇരുപതിലേറെ മലയാളികളുണ്ട്. എണ്ണപര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ.എന്‍.ജി.സി.ക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആഫ്കോണ്‍സ് എന്ന കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട ബാര്‍ജ്. മണ്ണിലുറച്ചുപോയ ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന മറ്റൊരു ബാര്‍ജിനെ കെട്ടിവലിക്കാന്‍ പോയപ്പോഴാണ് വരപ്രദ എന്ന ടഗ് ബോട്ട് മുങ്ങിയത്. ഗാല്‍ കണ്‍സ്ട്രക്ടറിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിക്കാനായി.
"
https://www.facebook.com/Malayalivartha
























