കൊലപാതകക്കേസില്‍ സുശീല്‍ കുമാറിന് കുരുക്ക് മുറുകുന്നു; കുപ്രസിദ്ധ ഗുണ്ടാനേതാവുമായിയുള്ള ബന്ധത്തിന് തെളിവ് പുറത്ത്; ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിന് സംഭവിച്ചത്; പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമായി സുശീല്‍ കുമാറിനുള്ള ബന്ധത്തിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാല ജതേദിയുടെ സഹോദരന്‍ പ്രദീപിനൊപ്പം ഇരിക്കുന്ന സുശീല്‍ കുമാറിന്റെ ചിത്രമാണ് പുറത്തുവന്നത്.
2018 ഡിസംബര്‍ 18-ന് ഫെയ്‌സ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. സുശീല്‍ കുമാറിനൊപ്പം ഇരിക്കുന്നത് കാല ജതേദിയുടെ സഹോദരന്‍ പ്രദീപാണെന്ന് ഡല്‍ഹി പൊലീസും സ്ഥിരീകരിച്ചു. നിലവില്‍ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുശീല്‍ കുമാര്‍. സുശീല്‍ കുമാറിന്റേയും സംഘത്തിന്റേയും ആക്രമണത്തില്‍ സാഗര്‍ റാണയ്‌ക്കൊപ്പം പരിക്കേറ്റ സോനു മഹലും കാല ജതേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെ സുശീല്‍ മര്‍ദിച്ചതോടെ സുശീലും കാല ജതേദിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും പൊലീസ് വ്യക്തമാക്കി.
സാഗര്‍ റാണയേയും സോനുവിനേയും മര്‍ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സ്‌കോര്‍പിയോ കാര്‍ ബവാനയുടെ ബന്ധുവിന്റേതാണ്. ബവാനയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിനരായ മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗര്‍ മരണപ്പെട്ടു.
തുടര്‍ന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പോലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീല്‍ കുമാര്‍ സമ്മതിച്ചിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നില്‍വെച്ച് സാഗര്‍ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
നേരത്തെ അറസ്റ്റ് തടയണമൊവശ്യപ്പെട്ട് മേയ് പതിനെട്ടിന് സുശീല്‍ ഡല്‍ഹി രോഹിണിയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി. രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ ജേതാവാണ് സുശീല്‍. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിരുന്നു.
https://www.facebook.com/Malayalivartha
























