പറയുന്നത് കേട്ടാൽ മതി, കൂടുതൽ ഒന്നും പറയണ്ട... പറ്റത്തില്ലേൽ പൂട്ടിക്കോ! ട്വിറ്ററിനെ വലിച്ച് കീറി കേന്ദ്ര സര്‍ക്കാര്‍...

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വളച്ചുചുറ്റി കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടു കാര്യങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം രാജ്യത്തെ നിയമം പാലിക്കണമെന്നും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല'. എന്നുമാണ് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
ട്വിറ്ററിന്റെ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതവും തെറ്റും ഇന്ത്യയെ അപകീത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ ഭീഷണിയുണ്ടെന്നായിരുന്നു രാവിലെ ട്വിറ്റര്‍ പ്രതികരിച്ചത്.
തിങ്കളാഴ്ച ദല്‍ഹി പൊലീസ് ട്വിറ്ററിന്റെ ഓഫിസുകള്‍ സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജീവനക്കാരെക്കുറിച്ച് ട്വിറ്റര്‍ ഇന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
'ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ ജീവനക്കാര്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും ഭാവിയിലും ആയിരിക്കുമെന്നും ഉറപ്പാണ്. അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയില്ല' എന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഇന്ത്യയ്ക്ക് മഹത്തായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പാരമ്പര്യമുണ്ട്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദേശ സ്ഥാപനം മാത്രമായ ട്വിറ്ററിനെപ്പോലുള്ളവയ്ക്ക് പ്രത്യേക അവകാശമില്ല.
എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും അവയുടെ കരുത്തുള്ള സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു.
എന്നാല്‍ ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്‌സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.
ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.
'ഞങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കും. എന്നാല്‍ ലോകമെമ്പാടും ഞങ്ങള്‍ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കല്‍, സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ തുടരും', ട്വിറ്റര്‍ വക്താവ് പറഞ്ഞു.
ഇപ്പോള്‍, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്.
ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.
ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ 'വിവരസാങ്കേതികവിദ്യാ ചട്ടം' (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് പേഴ്‌സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. കമ്പനികള്‍ക്ക് അതുനടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ബുധനാഴ്ച സമയം അവസാനിച്ചിരുന്നു.
https://www.facebook.com/Malayalivartha
























