രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. റിപ്പോര്‍ട്ട് തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ തലവനും നീതിആയോഗ് അംഗവുമായ ഡോ.വി.കെ. പോള്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിനേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് ആരോപിക്കുന്ന ലേഖനം, സിറോ സര്‍വ്വേ ഫലങ്ങളുടേയും ആന്റിബോഡി ടെസ്റ്റുഫലങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധികരിച്ചത്.
42 ലക്ഷം വരെ മരണങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ടാകാമെന്നായിരുന്നു ലേഖനത്തിലെ വിലയിരുത്തല്‍. രാജ്യത്തെ ബാധിച്ച മഹാവ്യാധിയുടെ വ്യാപ്തി കുറച്ചുകാട്ടുന്നതാണ് ഔദേ്യാഗികകണക്കെന്നായിരുന്നു ലേഖനത്തിലെ കുറ്റപ്പെടുത്തല്‍. ഈ വിഷയത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയില്‍ പോസിറ്റീവായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് സമ്മതിച്ച് ഡോ. പോള്‍, എന്നാല്‍ മരണം റിപ്പോര്‍ട്ടുചെയ്യാന്‍ വൈകിയിട്ടുണ്ടെങ്കിലും അതൊന്നും ബോധപൂര്‍വ്വമല്ലെന്നും വ്യക്തമാക്കി.
റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഡോ. പോള്‍, അഞ്ചുപേര്‍ തമ്മില്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതിനനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണതെന്നാരോപിച്ചു. മരണങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനമാണ് രാജ്യത്തുള്ളത്. പ്രശസ്തമാധ്യമം അത്തരത്തില്‍ ഒരു അസംബന്ധറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കഴിഞ്ഞ 20 ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 20 സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ഭീഷണി കുറയുന്നതിന്റെ സൂചനയാണിത്. കേസുകള്‍ കുറയുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























