ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ആന്ധ്രയിലെ കര്‍ഷകന്‍ കോടീശ്വരനായി

മണ്‍സൂണ്‍ കാലത്ത് ചില ഇടങ്ങളിലെ കര്‍ഷകര്‍ക്ക് വിലപിടിപ്പുള്ള കല്ലുകള്‍ ലഭിക്കാറുള്ളതായ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ആന്ധ്രപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കര്‍ഷകന് 30 കാരറ്റിന്റെ വജ്രം കിട്ടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വന്തം കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് വജ്രം ലഭിച്ചുവെന്നും ഇത് പ്രാദേശിക വ്യാപാരിക്ക് 1.2 കോടി രൂപക്ക് വില്‍പന നടത്തിയെന്നുമുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കര്‍ഷകന് വജ്രം ലഭിച്ചുവെന്ന വാര്‍ത്ത പൊലീസും സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും കുര്‍നൂല്‍ എസ്.പി അറിയിച്ചു. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വജ്രം ലഭിച്ച സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മണ്‍സൂണ്‍ മഴയില്‍ ഭൂമിയുടെ മുകള്‍ ഭാഗത്തെ മണ്ണ് ഒഴുകി പോവുമ്പോഴാണ് വിലപിടിപ്പുള്ള കല്ലുകള്‍ ലഭിക്കുയെന്ന് കുര്‍നൂല്‍ എസ്.പി അറിയിച്ചു. 2019ല്‍ കുര്‍നൂലിലെ കര്‍ഷകന് 60 ലക്ഷം വില വരുന്ന വജ്രം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























