ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

ഉത്തര്‍പ്രദേശിലെ അലിഗഢിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 28 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ലോധ പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള കര്‍സുവ, അന്ദ്‌ല ഗ്രാമങ്ങളിലും ജവാന്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചേഹ്‌രാത്ത് ഗ്രാമത്തിലുമാണ് വെള്ളിയാഴ്ച രാത്രിമുതല്‍ മരണമുണ്ടായത്. സര്‍ക്കാര്‍ അംഗീകൃത മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചവരാണ് മരിച്ചതെന്ന് ജില്ലാ കലക്ടര്‍ ചന്ദ്രഭൂഷണ്‍ സിങ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജമദ്യവില്‍പന നടത്തിയ സംഘത്തിലെ കണ്ണികളില്‍ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തതായും രണ്ടുപേര്‍ ഒളിവിലാണെന്നും സീനിയര്‍ പൊലിസ് സൂപ്രണ്ട് കലാനിധി നൈത്താനി അറിയിച്ചു. ഇവരില്‍ മൂന്നു പേര്‍ക്ക് മദ്യവില്‍പ്പനക്കുള്ള ലൈസന്‍സുണ്ട്. വ്യാജമദ്യ മാഫിയ തലവനായ അനില്‍ ചൗധരിയാണ് അറസ്റ്റിലായവരിലൊരാളെന്നും പൊലിസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























